മലപ്പുറം: മലപ്പുറത്ത് യു.ഡി.എഫിലുണ്ടായ വിള്ളല്‍ പരിശോധിക്കാന്‍ കെ.പി.സി.സി നിരീക്ഷകനെ അയക്കണമെന്ന ലീഗ് ആവശ്യത്തോട് കോണ്‍ഗ്രസ് മുഖം തിരിക്കുന്നു. അങ്ങനെയൊരു സംവിധാനം ആവശ്യമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പ്രശ്നങ്ങളുടെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് വരുത്തുകയാണ് ഇതിലൂടെ ലീഗ് ലക്ഷ്യമാക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
നിരീക്ഷകനെ നിശ്ചയിക്കുന്നത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് ക്ഷീണമുണ്ടാക്കുമെന്നും പാര്‍ട്ടി കരുതുന്നു. അതേസമയം, ആവശ്യത്തില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്. യഥാര്‍ഥ വസ്തുത കെ.പി.സി.സി നേതൃത്വത്തിന് ബോധ്യപ്പെടണമെങ്കില്‍ നിരീക്ഷകനെ നിയോഗിക്കണമെന്ന നിലപാടിലാണ് ജില്ലാ ലീഗ് നേതൃത്വം. മുസ്ലിം ലീഗിനെയും സി.പി.എമ്മിനെയും ചേര്‍ത്ത് വിവാദങ്ങള്‍ ഉയരുമ്പോഴും തെരഞ്ഞെടുപ്പിന് ശേഷം മുന്നണി ബന്ധം തുടരുമെന്ന സന്ദേശമാണ് ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ നല്‍കുന്നത്. അതേസമയം, ‘സൗഹൃദ’ മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പെരുമാറ്റചട്ടത്തോട് ഇരു പാര്‍ട്ടികളും പുറംതിരിഞ്ഞ് നില്‍ക്കുകയാണ്.
വി.എം. സുധീരന്, ഉമ്മന്‍ചാണ്ടി, പി.പി. തങ്കച്ചന്, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടേണ്ടതുണ്ട്. ഐക്യത്തിന് പ്രയാസമുണ്ടാക്കുന്ന കാരണങ്ങള്‍ സംബന്ധിച്ച് നിഷ്പക്ഷ വിലയിരുത്തല്‍ നിരീക്ഷക സംവിധാനത്തിലൂടെ സാധ്യമാകും. പ്രശ്നങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെ പരിശോധിക്കുകയും രമ്യമായി പരിഹരിക്കുകയും വേണമെന്ന ആത്മാര്‍ഥമായ ആഗ്രഹമാണ് നിരീക്ഷകന് വേണമെന്നതിന് പിന്നിലെന്നും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് പറഞ്ഞു.
മലപ്പുറത്തെ ലീഗ്-കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ അപരിഹാര്യമാണെന്ന് ബോധ്യമായതോടെയാണ് സംസ്ഥാന നേതൃത്വം പെരുമാറ്റചട്ടം രൂപപ്പെടുത്തിയത്. ഇതനുസരിച്ച് മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കാനും പ്രശ്നങ്ങളുള്ള പഞ്ചായത്തുകളില്‍ സംസ്ഥാന നേതാക്കള്‍ പര്യടനം നടത്താനും പാടില്ല. എന്നാല്‍, സി.പി.എം ഉള്‍പ്പെടെ മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായാണ് ഭൂരിഭാഗം പഞ്ചായത്തുകളിലും കോണ്‍ഗ്രസ് ധാരണ. ഇത്തരം പഞ്ചായത്തുകളില്‍ ഭൂരിഭാഗം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും കൈപ്പത്തി ചിഹ്നത്തിലല്ല മത്സരിക്കുന്നതും.
Discussion about this post