ന്യൂഡെല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയുടെ നീളം കുറയ്ക്കയ്ക്കാതിരിക്കാന്‍ കേരളത്തിന്റെ സഹകരണം തേടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ട് പോലും കഴിഞ്ഞ ഒമ്പത് മാസമായി കേരളം ഈ വിഷയത്തില്‍ യാതൊരു മറുപടിയും നല്‍കിയില്ലെന്നും ഇനി റണ്‍വേയുടെ നീളം കുറയ്ക്കാതെ വഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവള അപകടത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച സമിതി റണ്‍വേയ്ക്ക് ഇരുവശത്തും സുരക്ഷിത മേഖല നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരിനോട് ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നല്കാന് ആവശ്യപ്പെട്ടത്. ഇതിന് വേണ്ട സാമ്പത്തിക ചിലവുകള്‍ തങ്ങള്‍ വഹിച്ചുകൊള്ളാമെന്നും എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ ഒമ്പതുമാസമായിട്ടും ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
ഇക്കാലമത്രയും സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒരു മറുപടിയും കേരളം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് റണ്‍വേയുടെ നീളം കുറയ്ക്കുകയല്ലാതെ തങ്ങളുടെ മുമ്പില്‍ വേറെ വഴികളിലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
Discussion about this post