ലക്നൗ : ഉത്തർപ്രദേശിൽ വൻ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി. ഗ്രേറ്റർ നോയിഡയിൽ മൊത്തം 2500 കോടി രൂപ മുതൽമുടക്കിൽ പുതിയ ഷോപ്പിംഗ് മാൾ നിർമ്മിക്കാനാണ് നീക്കം. ലക്നൗവിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. ഇതിനായി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞുവെന്നാണ് വിവരം.
യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ്, നോയിഡയിൽ മാൾ ആരംഭിക്കുന്നതിന് 2500 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചുവെന്ന് നോയിഡ അതോറിറ്റി ഒഎസ്ഡി അവിനാഷ് ത്രിപാഠി പറഞ്ഞു. നിലവിലെ പ്ലാൻ അനുസരിച്ച്, മാളിൽ 300-ലധികം ആഭ്യന്തര-വിദേശ ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ, 15 ഐമാക്സ് മൾട്ടിപ്ലക്സ് സ്ക്രീനുകൾ, 3000 പേർക്ക് ഇരിക്കാവുന്ന മൾട്ടി-ക്യുസിൻ ഫുഡ് കോർട്ട്, മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം എന്നിവ ഉണ്ടായിരിക്കും. ഇതിൽ പഞ്ചനക്ഷത്ര ഹോട്ടലും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.
ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ സിഇഒ റിതു മഹേശ്വരിയുമായി ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയ്ക്ക് സമീപം 50,000 ചതുരശ്ര മീറ്റർ സ്ഥലം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൈപ്പർമാർക്കറ്റിന് പുറമെ ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്-10ൽ ഫുഡ് പാർക്ക് നിർമ്മിക്കാനും ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. നോയിഡയിലെ മൊത്തം നിക്ഷേപം ഏകദേശം 5000 കോടി രൂപയാണ്.
കഴിഞ്ഞ വർഷമാണ് ലുലു ഗ്രാൂപ്പ് ലക്നൗവിൽ ആദ്യത്തെ മാൾ തുറന്നത്. 2022 ജൂലൈയിൽ ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് പാതയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാൾ ഉദ്ഘാടനം ചെയ്തിരുന്നു. ഏകദേശം 2000 കോടി രൂപ ചെലവിൽ 22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ മാൾ.
Discussion about this post