കൊച്ചി: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തി മന്ത്രി മുഹമ്മദ് റിയാസും അനൂപ് ജേക്കബ് എം എൽ എയും പരിവാരങ്ങളും. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലാണ് ഇരുവരും ആചാര ലംഘനം നടത്തിയത്. ഇരുവരും നാലമ്പലത്തിനുള്ളിൽ ഷർട്ട് ധരിച്ച് കയറിയതാണ് വിവാദമായിരിക്കുന്നത്.
നാലമ്പലത്തിനുള്ളിൽ പുരുഷന്മാർ ഷർട്ട് ധരിച്ച് കയറുന്നതിന് ചില ക്ഷേത്രങ്ങളിൽ വിലക്കുണ്ട്. ആചാരപരമായ കാരണങ്ങളാലാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വിലക്ക് ലംഘിച്ചതിലൂടെ മന്ത്രിയും എം എൽ എയും സംഘവും ഹൈന്ദവ ആചാരങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും അവഹേളിക്കുകയായിരുന്നു എന്നാണ് ഉയരുന്ന വിമർശനം.
ക്ഷേത്രത്തിന്റെ ബലിക്കൽപ്പുരയിൽ പോലും ഷർട്ട് ധരിച്ച് നിൽക്കുന്ന മന്ത്രിയുടെയും സംഘത്തിന്റെയും ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. മന്ത്രി തന്നെ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചതായും പറയപ്പെടുന്നു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണം പ്രഖ്യാപിക്കാനാണ് ടൂറിസം മന്ത്രി കൂടിയായ മുഹമ്മദ് റിയാസ് കൂത്താട്ടുകുളത്ത് എത്തിയത്. ഇത് നടപ്പിലാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മന്ത്രിക്കും എം എൽ എക്കും ഒപ്പം നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ, സിപിഎം പ്രാദേശിക നേതാവ് പി ബി രതീഷ്, നഗരസഭാ കൗൺസിൽ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Discussion about this post