ബംഗളൂരു : മുൻ ഐപിഎസ് ഓഫീസറും ബംഗളൂരു മുൻ പോലീസ് കമ്മീഷണറുമായി ഭാസ്കർ റാവു ബിജെപിയിൽ ചേർന്നു. ആം ആദ്മിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ആംആദ്മിയുടെ മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചെയർമാൻ ആയിരുന്നു ഭാസ്കർ റാവു. അഴിമതിക്കെതിരെ പോരാടാൻ എന്ന പേരിൽ വൻ തോതിൽ സംഭാവനകൾ സ്വീകരിക്കുകയാണ് ആം അദ്മി നേതാക്കളുടെ പതിവെന്നും ഭാസ്കർ റാവു ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളും കാഴ്ചപ്പാടുമാണ് തനിക്ക് ബിജെപിയിൽ ചേരാൻ പ്രചോദനം നൽകിയത് എന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇപ്പോൾ പാൻ ഇന്ത്യ തലത്തിൽ ബിജെപി സാന്നിദ്ധ്യമറിയിച്ചുകഴിഞ്ഞു. പാർട്ടിക്ക് വേണ്ടി കൂടുതൽ സംഭാവനകൾ ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആം ആദ്മി വളർച്ചയില്ലാത്ത പാർട്ടിയാണ്. അവരിന്ന് ഒരു സംഘത്തിന്റെ കൈയ്യിലകപ്പെട്ട് കിടക്കുകയാണ്. പാർട്ടിയിലെ രണ്ട് മന്ത്രിമാർ ജയിലിലായത് ലജ്ജാവഹമാണെന്നും ഇനിയും അവർക്ക് എന്ത് ചെയ്യണമെന്നതിൽ വ്യക്തതയില്ലെന്നും ഭാസ്കർ റാവു പറഞ്ഞു.
കഴിഞ്ഞ ദിവസം ഭാസ്കർ റാവു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
Discussion about this post