കേരളത്തിലെ കമ്യൂണിസ്റ്റുകാർ ”1921 പുഴ മുതൽ പുഴ വരെ ” എന്ന ചിത്രത്തെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ നടത്തുകയാണെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ അനുകൂല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഈ സിനിമയെ തകർക്കാനുള്ള അജണ്ടകളാണ് എസ്ഡിപിഐയും സിപിഎമ്മും അവർക്ക് വാലാട്ടുന്ന ചില മാദ്ധ്യമങ്ങളും നടത്തുന്നത്. ഈ സിനിമ കാണരുതെന്ന് സിപിഎം അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേ കമ്യൂണിസ്റ്റുകാരാണ് ഇന്ത്യയ്ക്കെതിരെ ശബ്ദിച്ച ഡോക്യുമെന്ററി കവല തോറും കൊണ്ടുപോയി പ്രദർശിപ്പിച്ചത് എന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ വിമർശിച്ചു.
സംഘപരിവാറും താനും തമ്മിൽ പ്രശ്നമാണെന്ന തരത്തിലുള്ള പോസ്റ്റുകളാണ് കമ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നത്. ഇത് ബിജെപിയുടെയോ സംഘപരിവാറിന്റെയോ സിനിമയല്ലെന്ന് താൻ പത്രസമ്മേളനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് സംഘപരിവാർ ഉൾപ്പെടുന്ന സാധാരണ മനുഷ്യർ പണം നൽകി ഉണ്ടാക്കിയ ചിത്രമാണ്. ബിജെപി പ്രവർത്തകർ ഉൾപ്പെടുന്ന ജനങ്ങളുടെ ചിത്രമാണ്. സംഘപരിവാറിന്റെ ഒരു ഘടകമാണ് താനെന്നും സതാനത ധർമ്മത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഡിപിഐയും കമ്യൂണിസ്റ്റ് പാർട്ടിയും അവർക്ക് വാലാട്ടുന്ന ചില പത്രങ്ങളും ചേർന്ന് സംഘടിതമായി നാണംകെട്ട രീതിയിൽ ഇതിനെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. കാരണം വാരിയംകുന്നൻ ആരാണെന്ന് ആരും കാണാൻ പാടില്ലെന്ന ലക്ഷ്യമാണ് അവർക്കുള്ളത്. ഇത് സമൂഹം തിരിച്ചറിയണം. സോഷ്യൽ മീഡിയയിൽ ചിലർ ഹിന്ദു പേരുകളിൽ വന്ന് അഭിപ്രായം പറയുന്നു. അവരെല്ലാം തുമ്പ് ചെത്തിയവരാണെന്ന് എല്ലാവർക്കും അറിയാം.
നാളെ ഈ സിനിമ ഒടിടി പ്ലാറ്റ്ഫോമിലെത്തുമ്പോൾ ഓരോ വീട്ടിലെയും ടിവി ഓഫ് ചെയ്യാൻ കമ്യൂണിസ്റ്റുകാർക്ക് സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ഈ സിനിമ കണ്ടാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സിപിഎം നേതാക്കൾ അണികളോട് പറയുന്നത്.
ഇതിനിടെ പരസ്പരം കൂട്ടിയിടിപ്പിച്ച് നടുക്ക് നിന്ന് ചോര നക്കിക്കുടിക്കുന്ന കുറുക്കന്റെ സ്വഭാവം മാദ്ധ്യമങ്ങൾ ഉപേക്ഷിക്കണം. മാന്യമായ പത്രപ്രവർത്തനം നടത്തണം. പുഴ ഒഴുകും… എല്ലാ മനുഷ്യന്റെയും ഹൃദയത്തിലേക്കും ഒഴുകും എന്നും രാമസിംഹൻ അബൂബക്കർ കൂട്ടിച്ചേർത്തു.
Discussion about this post