ഇൻഡോർ: ഇൻഡോറിലെ പട്ടേൽ നഗറിൽ ഇന്നലെ പടിക്കിണറിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി ഉയർന്നു. രാമനവമി ആഘോഷത്തിനിടെ ശ്രീ ബേലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിന്റെ മേൽക്കൂരയിടിഞ്ഞാണ് ആളുകൾ കിണറ്റിൽ വീണത്. മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇൻഡോർ കളക്ടർ ഇല്ലിയരാജ പറഞ്ഞു.
അമ്പതിലധികം ആളുകളാണ് അപകടത്തിൽ പെട്ടത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. രാത്രിയോടെ കരസേനാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. എൻഡിആർഎഫിന്റേയും എസ്ഡിആർഎഫിന്റേയും 70 സൈനികരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പകൽ 11 മൃതദേഹങ്ങളും രാത്രിയിൽ 24 മൃതദേഹങ്ങളുമാണ് കണ്ടെടുത്തത്.
ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കുമ്പോൾ കിണറിന് മുകളിലായി സ്ഥാപിച്ചിരുന്ന സ്ലാബിന് മുകളിൽ ആളുകൾ ഒത്തുകൂടിയതാണ് അപകടത്തിന് കാരണം. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് വിവരം. വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇൻഡോർ കളക്ടർ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
Discussion about this post