ലക്നൗ: സമാജ്വാദി പാർട്ടി നേതാവ് അസംഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അവശത നേരിട്ടതിനെ തുടർന്നാണ് അസംഖാനെ ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
ഇന്നലെ രാത്രിയോടെയായിരുന്നു അസംഖാന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ അദ്ദേഹത്തെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂമോണിയയെ തുടർന്ന് അസംഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറെ ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് പിന്നീട് അദ്ദേഹം ആശുപത്രിവിട്ടത്. വഞ്ചനാ കേസിൽ കോടതി ശിക്ഷിച്ച അസംഖാൻ നിലവിൽ ഇടക്കാല ജാമ്യം ലഭിച്ച് വീട്ടിൽ തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അസംഖാൻ ഇടക്കാല ജാമ്യം നേടിയത്.
Discussion about this post