ന്യൂഡൽഹി : എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തി ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് ആറ് വയസുകാരി. പൂനെ സ്വദേശിയായ അരിഷ്ക ലദ്ദയാണ് അമ്മയോടൊപ്പം ഏവറസ്റ്റ് കീഴടക്കാനുള്ള പ്രയാണം ആരംഭിച്ചത്. കിലോമീറ്ററുകൾ താണ്ടി എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് ഇവർ ഇതിനോടകം കീഴടക്കിക്കഴിഞ്ഞു.
7-8 ലെയർ വസ്ത്രങ്ങൾ ധരിച്ചാണ് പെൺകുട്ടി 15 ദിവസം യാത്ര ചെയ്തത്. ‘എനിക്ക് വളരെ സന്തോഷം തോന്നി. അവിടെ തണുപ്പ് കൂടുതലായിരുന്നു. എനിക്ക് ഇനി എവറസ്റ്റ് കൊടുമുടി കീഴടക്കണം” പെൺകുട്ടി പറഞ്ഞു. മൈനസ് 3 ഡിഗ്രിക്കും മൈനസ് 17 ഡിഗ്രിക്കുമിടയിലാണ് ഇവിടെ താപനില രേഖപ്പെടുത്തുന്നത്.
കുട്ടിക്കാലം മുതൽക്കേ താൻ കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നതായി പെൺകുട്ടിയുടെ അമ്മ ഡിംപിൾ പറഞ്ഞു. സൈക്ലിംഗ്, ട്രക്കിംഗ്, ഓട്ടം എന്നിവ എപ്പോഴും ചെയ്യുമായിരുന്നു. ”അപ്രതീക്ഷിതമായാണ് ഞാൻ മകളെ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. സാധാരണയായി 12 വയസ്സിന് മുകളിലുള്ള കുട്ടികൾ മാത്രമേ കയറൂവെന്ന് വിദഗ്ധർ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കുട്ടിയെ സ്വന്തം ഉത്തരവാദിത്വത്തിൽ കൊടുമുടി കയറ്റാമെന്നും അവർ പറഞ്ഞു. എന്റെ മകൾ വളരെ ആക്ടീവ് ആയിട്ടുള്ള കുട്ടിയാണ്. വാരാന്ത്യങ്ങളിൽ ഞങ്ങൾ പൂനെയെ ചുറ്റിപ്പറ്റിയുള്ള കോട്ടകൾ കയറുമായിരുന്നു. ഞങ്ങൾ സിംഹഗഢിൽ പലതവണ കയറിയിട്ടുണ്ട്,’ പെൺകുട്ടിയുടെ അമ്മ പറഞ്ഞു. മകളെ പ്രൊഫഷണലായി പരിശീലിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അവളോടൊപ്പം താനും എവറസ്റ്റ് കൊടുമുടി കീഴടക്കുമെന്നും ഡിംപിൾ കൂട്ടിച്ചേർത്തു.
ഇത് കുടുംബത്തിന്റെ അഭിമാന നിമിഷമാണെന്ന് അരിഷ്കയുടെ അച്ഛൻ കൗസ്തുഭ് ലദ്ദ പറഞ്ഞു. ‘അവൾ ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. ഞങ്ങുടെ പിന്തുണ എപ്പോഴും അവളോടൊപ്പമുണ്ടായിരിക്കും. തുടക്കത്തിൽ, വെല്ലുവിളികൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ആശങ്കാകുലരായിരുന്നു. പക്ഷേ രണ്ട് പേരും കൊടുമുടി കയറണമെന്ന ഉറച്ച നിലപാടിലായിരുന്നു,’ കൗസ്തുഭ് പറഞ്ഞു.
Discussion about this post