ഇംഫാൽ; സംവരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ മണിപ്പൂരിൽ സ്ഥിതി ശാന്തമാകുന്നു. സമാധാനനില കൈവരിച്ചതിനെ തുടർന്ന് അഞ്ച് ജില്ലകളിലെ കർഫ്യൂ പൂർണമായി ഒഴിവാക്കി. ബാക്കിയിടങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ മണിപ്പൂരിൽ ക്യാമ്പ് ചെയ്ത് ക്രമസമാധാന നില വിലയിരുത്തുകയും പൗരപ്രമുഖൻമാരുമായും സമുദായ നേതാക്കളുമായും രാഷ്ട്രീയ നേതാക്കളുമായും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കലാപകാരികൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും പോലീസിന്റെ ആയുധങ്ങൾ കൈവശപ്പെടുത്തിയവർ തിരിച്ചു നൽകണമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണവും സിബിഐ അന്വേഷണവും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. തമേങ്ലോംഗ്, നോനി, സേനാപതി, ഉഖ്റൂൽ, കാംജോങ് എന്നീ ജില്ലകളിലാണ് കർഫ്യൂ പൂർണമായി പിൻവലിച്ചത്.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ എന്നിവിടങ്ങളിൽ രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെ 12 മണിക്കൂർ നേരം കർഫ്യൂവിൽ ഇളവ് നൽകി. ജിരിബാമിൽ എട്ട് മണിക്കൂറും തൗബാൽ കാച്ചിങ് എന്നിവിടങ്ങളിൽ ഏഴ് മണിക്കൂറുമാണ് ഇളവുകൾ. സംഘർഷം രൂക്ഷമായിരുന്ന ചുരാചന്ദ്പൂരിൽ 10 മണിക്കൂറാണ് ഇളവ്.
മെയ്തേയ് സമുദായത്തെ സംവരണ വിഭാഗത്തിൽ പെടുത്താനുളള ഹൈക്കോടതി വിധിയെ തുടർന്നാണ് മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഗോത്ര വിഭാഗമായ കുക്കി സമുദായത്തിൽപെട്ടവരുടെ പ്രതിഷേധം അക്രമങ്ങളിൽ കലാശിക്കുകയായിരുന്നു. വീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെ അഗ്നിക്കിരയാക്കിയ സംഘർഷത്തിൽ ആയിരങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. അസം റൈഫിൾസിന്റെ നേതൃത്വത്തിൽ സൈന്യം ഇറങ്ങിയാണ് ആളിപ്പടരുമായിരുന്ന കലാപം വേഗം നിയന്ത്രിച്ചത്.
Discussion about this post