ലക്നൗ: ഉത്തർപ്രദേശിൽ വിവാഹിതയായ ദളിത് യുവതിയെ പ്രണയം നടിച്ച് മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. സിസ്വാൻ സ്വദേശിയായ സസൗള്ളയാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ പോലീസ് വീട്ടുകാർക്കൊപ്പം വിട്ടു.
സിദ്ധാർത്ഥ്നഗർ ജില്ലയിലായിരുന്നു സംഭവം. മിഷ്റൗലിയ സ്വദേശി ശൈലേഷ് കുമാറിന്റെ ഭാര്യയാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായത്. കഴിഞ്ഞ മാസം 31 ന് രാത്രി ലക്ഷ്മിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. ലക്ഷ്മിയുടെ സ്വർണാഭരണങ്ങളും, 55,000 രൂപയും കാണാതായിരുന്നു. ഉടനെ വീട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
മോഷ്ടാക്കൾ ചേർന്ന് ലക്ഷ്മിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതാകാമെന്നായിരുന്നു ആദ്യം പോലീസ് കരുതിയിരുന്നത്. എന്നാൽ ലക്ഷ്മിയുടെ സാമൂഹ്യ മാദ്ധ്യമ ഇടപെടലുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ കാരണം എന്തെന്ന് കണ്ടെത്തുകയായിരുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു സസൗള്ള യുവതിയുമായി അടുപ്പത്തിൽ ആയത്. സ്വന്തം ഭാര്യയുടെ പേരും ചിത്രവും ഉൾപ്പെടുത്തി ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം യുവതിയ്ക്ക് റിക്വസ്റ്റ് അയക്കുകയായിരുന്നു. സ്ത്രീയാണെന്ന് കരുതി യുവതി ഇയാളുമായി സംസാരിക്കാൻ ആരംഭിച്ചു. എന്നാൽ പതിയെ പുരുഷനാണെന്ന് വ്യക്തമാകുകയായിരുന്നു. ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. പിന്നീടിത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇയാളുടെ നിർബന്ധപ്രകാരമാണ് യുവതി സ്വർണവും പണവുമായി രാത്രി വീട്ടിൽ നിന്നും ഇറങ്ങിയത്.
ലക്ഷ്മിയെ ഇയാൾ നേരെ കൊണ്ടുപോയത് മുംബൈയ്ക്കാണ്. ഇവിടെവച്ച് സഹൃത്തുക്കളായ ചിലരുടെ സഹായത്തോടെ മതം മാറ്റുകയായിരുന്നു. ലക്ഷ്മി എന്ന പേര് മാറ്റ് മുസ്കാൻ എന്നാക്കി. പിന്നീട് ലക്ഷ്മിയെ വിവാഹം ചെയ്യുകയായിരുന്നു. ഇവിടെയെത്തിയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
സസൗള്ളയ്ക്ക് പുറമേ കൂട്ടാളികളായ അഞ്ച് പേർക്കെതിരെ കൂടി പോലീസ് കേസ് എടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506 എന്നീ വകുപ്പുകളും എസ്സി എസ്ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്. ഉത്തർപ്രദേശ് നിർബന്ധിത മതപരിവർത്തന നിരോധന നിയമവും പ്രതികൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.
Discussion about this post