ചെന്നൈ: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നതിനിടെ ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 6500ഓളം ആമക്കുഞ്ഞുങ്ങളെ പിടികൂടി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ്. 6850 കടലാമക്കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടുന്നത്. ഇവരുടെ ചെക്ക് ഇൻ ലഗേജ് പരിശോധിച്ചപ്പോഴാണ് രണ്ട് പേരുടേയും ബാഗിനുള്ളിൽ ചെറിയ പെട്ടികളിലായി ഒളിപ്പിച്ച നിലയിൽ ജീവനുള്ള ആമക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. 57,441 രൂപയ്ക്ക് തുല്ല്യമായ വിദേശ കറൻസിയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആമകളെ എത്തിക്കുന്നതിന് ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ലാതെയാണ് ഇന്ത്യയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്യാൻ ശ്രമിച്ചത്.
ആമക്കുഞ്ഞുങ്ങളെ തിരികെ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ രണ്ട് പേരെയും ഉടൻ തന്നെ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post