ഇസ്ലാമാബാദ്; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഫോറെക്സ് ആവശ്യകതകൾ നിറവേറ്റാനായുള്ള പണത്തിനായി രാജ്യത്തെ പൊതു ആസ്തികൾ വില്പനയ്ക്ക് വെച്ചിരിക്കുകയാണ് പാകിസ്താൻ. തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്നുള്ള പൊതു സ്വത്തുക്കൾ ആണ് മൂന്നാം രാജ്യങ്ങൾക്ക് വിൽപ്പന നടത്താനായി പാകിസ്താൻ ഒരുങ്ങുന്നത്. ഇസ്ലാമാബാദിലെ കറാച്ചി തുറമുഖത്തിന്റെ ഈസ്റ്റ് വാർഫിലെ 6-9 ബർത്തുകളിൽ നാലെണ്ണം 220 മില്യൺ യുഎസ് ഡോളറിനാണ് യുഎഇ ആസ്ഥാനമായുള്ള കമ്പനിക്ക് പാട്ടത്തിന് നൽകിയത്.
പാകിസ്താനിൽ നിലവിലുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള അടിയന്തര ധനസമാഹരണത്തിനായി കഴിഞ്ഞവർഷം നടപ്പിലാക്കിയ നിയമപ്രകാരം ആണ് ഈ അന്തർ സർക്കാർ ഇടപാട് നടത്തുന്നത്. കറാച്ചി ഗേറ്റ്വേ ടെർമിനൽ ലിമിറ്റഡ് (KGTL) പോർട്ട് ടെർമിനലുകൾ കൈകാര്യം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും വികസിപ്പിക്കുകയും അതിന്റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനായുള്ള 50 വർഷത്തെ കാലാവധിയുള്ള കൺസഷൻ കരാറിലാണ് യുഎഇ ആസ്ഥാനമായുള്ള കമ്പനിയുമായി പാകിസ്താൻ ഏർപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞവർഷം മുതൽ തന്നെ ഇസ്ലാമാബാദിലെ ചില പൊതുസ്വത്തുക്കൾ വില്പന നടത്താൻ പാകിസ്താൻ ശ്രമിച്ചിരുന്നു എങ്കിലും പല രാജ്യങ്ങളും ഇതിന് താല്പര്യം കാണിച്ചിരുന്നില്ല. പാകിസ്താനിൽ നിലവിലുള്ള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾ വിദേശ നിക്ഷേപകരെ ഈ രാജ്യത്തുനിന്നും അകറ്റിനിർത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ സൗഹൃദ രാജ്യങ്ങളിൽ ഒന്നായ യുഎഇ ഫോറെക്സ് പ്രതിസന്ധിയിൽ നിന്നും കര കയറാൻ പാകിസ്താന് സഹായത്തിന് എത്തിയിരിക്കുകയാണ്.
ഇതുകൂടാതെ ന്യൂ ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം അന്താരാഷ്ട്ര നിക്ഷേപകർക്ക് പാട്ടത്തിന് നൽകാനും പാകിസ്താൻ തീരുമാനിച്ചിട്ടുണ്ട്. സുഹൃത്ത് രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ അവസാനിച്ചതും സൗദി അറേബ്യ ബ്ലാങ്ക് ചെക്ക് സഹായങ്ങൾ അവസാനിപ്പിക്കുകയും ചെയ്തതോട് കൂടി വിദേശരാജ്യങ്ങളിൽ നിന്നും എളുപ്പത്തിൽ വായ്പകളോ നിക്ഷേപങ്ങളോ ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ഇപ്പോൾ പാകിസ്താൻ.
Discussion about this post