തിരുവനന്തപുരം : ഏക സിവിൽ കോഡ് എന്ന ആവശ്യവുമായി രംഗത്തെത്തുന്ന ആദ്യത്തെ രാഷ്ട്രീയ പാർട്ടിയല്ല ബിജെപിയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പോലും ഇത് ഉൾപ്പെടുത്തിയ പാർട്ടികൾ ഉണ്ട്. സിവിൽ കോഡിന് വേണ്ടി വാദിച്ചവരിൽ ഇടത് പക്ഷവുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
” ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരത പുലർത്തുന്ന ഒരു പാർട്ടിയോട് ഒരിക്കലും അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്. 1990 കളിൽ പോലും ഏക സിവിൽ കോഡിന് വേണ്ടി വാദിച്ചവരോടാണ് ഇപ്പോൾ ചോദ്യങ്ങൾ ചോദിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു” വാർത്താ ഏജൻസിയായ എഎൻഐയോട് അദ്ദേഹം പറഞ്ഞു.
മുൻ കേരള മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ഉൾപ്പെടെ നിരവധി ഇടത് നേതാക്കൾ സിവിൽ കോഡിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. 1990 കളിൽ വരെ ഇതിന് വേണ്ടി വാദിച്ചവർ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് ‘മുസ്ലിംകളോടുള്ള വിവേചനമാണ്’ എന്ന് ആരോപിച്ച് സിപിഐ(എം) അതിനെ എതിർക്കുന്നു. ഇതിന് വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും തുല്യമായി നീതി നടപ്പിലാക്കാൻ വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് എന്നും മതത്തിന്റെ പേരിൽ ആരെയും വേർതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം വ്യക്തിനിയമം ഇസ്ലാം മതത്തിൽ അവിഭാജ്യമാണെങ്കിൽ, ഈ വ്യക്തിനിയമങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ താമസിക്കുന്ന മുസ്ലീങ്ങൾക്കെതിരെ എന്തുകൊണ്ട് ഫത്വകൾ പുറപ്പെടുവിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
Discussion about this post