ചെന്നൈ: അഴിമതി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. കോടികൾ വിലമതിക്കുന്ന 60 ഓളം സ്വത്തുവകകൾ ആണ് കണ്ടുകെട്ടിതയത്. ഇതിന് പുറമേ സെന്തിൽ ബാലാജിയുടെ ഭാര്യ നിർമല, സഹോദരൻ അശോക് എന്നിവരുടെ സ്വത്തുവകകൾ ഇഡി മരവിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സെന്തിൽ ബാലാജിയുടെ വസതികളിലും സ്ഥാപനങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ഇഡി വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. പരിശോധനയിൽ അനധികൃതമായി സ്വന്തമാക്കിയവയെന്ന് കണ്ടെത്തിയ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇതിന്റെ ശരിയായ മൂല്യം പരിശോധിച്ചുവരികയാണ്.
അഴിമതി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അശോകിന് നിരവധി തവണ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതുവരെ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു അശോകിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് അശോകിന് നൽകിയിട്ടുണ്ട്. നിർമ്മലയ്ക്കും ഇഡി നോട്ടീസ് നൽകിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം സെന്തിൽ ബാലാജിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഇഡി തേടിയത്.
Discussion about this post