ന്യൂഡൽഹി : കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധു. ഇപ്പോൾ പരിക്കിനെ അതിജീവിച്ച് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് സിന്ധു. ഫോം വീണ്ടെടുക്കാനായി സിന്ധു ഇപ്പോൾ രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ പ്രകാശ് പദുകോണിന് കീഴിൽ പ്രത്യേക പരിശീലനം നടത്തുകയാണ്.
പിവി സിന്ധുവിന്റെ കളിയിൽ സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ഫോം വീണ്ടെടുക്കാൻ കുറച്ച് സമയമെടുക്കുമെന്നും മുൻ ഇന്ത്യൻ കോച്ച് വിമൽ കുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി സിന്ധു കഴിഞ്ഞയാഴ്ച മുതൽ ബെംഗളൂരുവിലെ പിപിബിഎ അക്കാദമിയിൽ പരിശീലനം തുടങ്ങിയതായും കോച്ച് വ്യക്തമാക്കി.
പി വി സിന്ധുവിന്റെ പരിശീലകനായ മുഹമ്മദ് ഹാഫിസ് ഹാഷിമിന്റെ പിന്തുണയോട് കൂടിയാണ് ഇപ്പോൾ പരിക്കിനെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ പി വി സിന്ധുവിൽ നിന്നും ഏഷ്യൻ ഗെയിംസിൽ കാര്യമായി ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് കോച്ച് അഭിപ്രായപ്പെടുന്നത്. ശാരീരികവും മാനസികവുമായ വീണ്ടെടുപ്പ് നടത്തി പഴയ ഫോമിലേക്ക് തിരിച്ചെത്താൻ സിന്ധുവിന് അല്പം സമയം നൽകേണ്ടത് ആവശ്യമാണെന്നും മുൻ ഇന്ത്യൻ കോച്ചായിരുന്ന വിമൽ കുമാർ വ്യക്തമാക്കി.
Discussion about this post