ചെന്നൈ: ത്രിഭാഷ പദ്ധതിയെ എതിർക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി കെ.അണ്ണാമലൈ. ഡിഎംകെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈ മുരുകന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ത്രിഭാഷ പദ്ധതിയെ വിമർശിച്ചുകൊണ്ട് സ്റ്റാലിൻ ഭരണത്തിൽ ഉണ്ടാകുന്ന വീഴ്ച മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിലേക്ക് ഒരാൾ എംപിയായി എത്തുമ്പോൾ ഇംഗ്ലീഷും ഹിന്ദിയും അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദുരൈ മുരുകൻ ഹാസ്യരൂപത്തിൽ സംസാരിക്കുന്ന വീഡിയോ ആയിരുന്നു അണ്ണാമലൈ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള എംപിമാർക്ക് പാർലെമന്റിൽ സംസാരിക്കുന്നതിനെക്കുറിച്ച് മനസിലാകാറില്ലെന്നും അണ്ണാദുരൈ പരിഹസിക്കുന്നുണ്ട്. ഇത് ഹിന്ദിയെ അകറ്റി നിർത്തുന്നത് കൊണ്ടാണെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടുന്നു.
ഭരണനിർവ്വഹണത്തിൽ സർക്കാരിന് സംഭവിച്ചിരിക്കുന്ന വീഴ് മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് ത്രിഭാഷ പദ്ധതിയെ എംകെ സ്റ്റാലിൻ എതിർക്കുന്നത് എന്ന് അണ്ണാമലൈ പറഞ്ഞു. ആളുകളെ മണ്ടനാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഹിന്ദി ഭാഷയെ ശക്തമായി എതിർക്കുന്ന അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറി പറഞ്ഞ കാര്യങ്ങൾ ഒന്ന് വിശദമായി കേട്ടാൽ നന്നാകും.
ഏത് ഭാഷ വേണമെങ്കിലും മൂന്നാമത്തെ ഭാഷയായി പഠിക്കാമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും അവസരം ഒരുപോലെയാണ്. തമിഴ്‌നാട്ടിൽ മാത്രം എന്തുകൊണ്ടാണ് രണ്ട് നയം. സ്വകാര്യ സ്‌കൂളുകളിൽ ഹിന്ദി പഠിപ്പിക്കുമ്പോൾ സർക്കാർ സ്‌കൂളുകൾ ഹിന്ദി പഠിക്കുന്നതിനുള്ള അവസരം വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു.
Discussion about this post