ലക്നൗ : ഇന്ത്യയിലെ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന പേരാണ് മോഹിത് പാണ്ഡേ. ഗാസിയാബാദിൽ നിന്നുള്ള ഈ വിദ്യാർത്ഥിയെ രാജ്യം മുഴുവൻ ഇപ്പോൾ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. കഠിനപ്രയത്നവും ഭാഗ്യവും കൊണ്ട് ഈ യുവാവിന് കൈവന്ന ഒരു മഹത്തായ അവസരമാണ് ഇതിന് കാരണം. അയോധ്യയിൽ രാം ലല്ലയെ പൂജിക്കാനുള്ള അവസരമാണ് മോഹിത്തിന് ലഭിച്ചിരിക്കുന്നത്.
3000 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 പേരിൽ ഒരാളാണ് മോഹിത് പാണ്ഡേ. ഏറെ പ്രശസ്തമായ ദുധേശ്വരനാഥ് വേദവിദ്യാപീഠത്തിൽ ഏഴുവർഷം സംവേദം പഠിച്ച വ്യക്തിയാണ് മോഹിത്. സംവേദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ആചാര്യ പഠനത്തിനായി തിരുപ്പതിയിലേക്ക് പോയി. തിരുപ്പതി വെങ്കിടേശ്വർ വേദ സർവകലാശാലയിൽ നിന്നും ആചാര്യ ബിരുദം നേടിയ ശേഷം അദ്ദേഹം ഇപ്പോൾ പിഎച്ച്ഡിക്ക് തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ ആയിരുന്നു അദ്ദേഹം അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരെ തിരഞ്ഞെടുക്കുന്നതിലേക്ക് അപേക്ഷ അയച്ചിരുന്നത്.
വേദവിദ്യകളിലും ആചാരപ്രക്രിയകളിലും വലിയ മിടുക്കനാണ് മോഹിത് എന്നാണ് അദ്ദേഹത്തിന്റെ വേദ അദ്ധ്യാപകർ വ്യക്തമാക്കുന്നത്. മോഹിതിന് ലഭിച്ച ഈ സുവർണാവസരത്തെ വലിയ അനുഗ്രഹമായാണ് ഏവരും കാണുന്നത്. രാമക്ഷേത്രത്തിലെ പൂജാരിമാരായി തിരഞ്ഞെടുക്കപ്പെട്ട 50 പേർക്കും ആറുമാസം നീളുന്ന പ്രത്യേക പരിശീലനം നൽകിവരികയാണ്.
Discussion about this post