ഇസ്ലാമാബാദ്:പാകിസ്താനിലെ കറാച്ചിയില്‍ അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. അവശ്യ മരുന്നുകള്‍ക്ക് കൊളളവില ഈടാക്കുകയും ഇവയുടെ കരിഞ്ചന്ത വില്പന വര്‍ദ്ധിച്ചതുമാണ് ക്ഷാമത്തിന് കാരണം. ഇതേത്തുടര്‍ന്ന് നഗരത്തിലെ രോഗികളും ജനങ്ങളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഇന്‍സുലിന്‍ ,അപസ്മാരം തടയുന്നതിനുള്ള മരുന്നുകള്‍ എന്നിവയ്ക്കാണ് കുടുതല്‍ ക്ഷാമം നേരിടുന്നത്. രക്തസമര്‍ദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകളും ,ജീവന്‍രക്ഷാ മരുന്നുകളും കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്കാണ് വില്‍ക്കുന്നത്.
ജീവന്‍രക്ഷാ മരുന്നിന്റെ കൃത്രിമ ക്ഷാമത്തിനെതിരെ പാകിസ്താന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കഴിഞ്ഞ മാസം നടപടി ആരംഭിച്ചിരുന്നു. ഈ നടപടികള്‍ തുടരവേയാണ് അവശ്യ മരുന്നുകളുടെ അനധികൃത വില്‍പ്പന തുടരുന്നത്. കൂടാതെ അധികാരികള്‍ പുതിയ ജീവന് രക്ഷാ മരുന്നുകള്‍ക്കുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. മറ്റ് മരുന്നുകള്‍ ഫാര്‍മസികളിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളും ശക്തമാക്കി. അനധികൃത മരുന്നുവില്പനയിലൂടെ കൊളളലാഭം കൊയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി നദീം ജാന്‍ പറഞ്ഞു.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നതിനിടെയാണ് അവശ്യമരുന്നുകളുടെ ക്ഷാമവും ഇടിത്തീയായി വന്നത്.
Discussion about this post