കോട്ടയം : ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ഓർത്തഡോക്സ് സഭ. യാക്കോബായ സഭയുടെ അസ്തിത്വം നിലനിർത്തും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിലാണ് ഓർത്തഡോക്സ് സഭ വിമർശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് കലാപാഹ്വാനം ആണെന്നും ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി.
“യാക്കോബായ സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള തർക്കം രൂക്ഷമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് ഭരണഘടന ലംഘനമാണ്. നിയമപരമായി നിലനിൽക്കാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ഒരു വിഭാഗത്തിന്റെ മാത്രം ആയി സംസ്ഥാനത്തെ മുഖ്യമന്ത്രിയും മാറിയത് വേദനാജനകമാണ് ” എന്നുമാണ് ഓർത്തഡോക്സ് സഭ മാദ്ധ്യമ വിഭാഗം പ്രസിഡന്റ് യുഹാനോൻ മാർ ദിയസ്കോറോസ് വ്യക്തമാക്കിയത്.
” മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ എക്കാലത്തും സമാധാനപരമായ നിലപാട് മാത്രമാണ് ഓർത്തഡോക്സ് സഭ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവും ആണ് പിണറായി വിജയൻ സ്വീകരിച്ചത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മലങ്കര സഭയെ വെട്ടി മുറിക്കാൻ ആണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. പക്ഷേ അള മുട്ടിയാൽ ചേരയും കടിക്കും എന്ന കാര്യം സർക്കാർ ഓർക്കണം “എന്നും ഓർത്തഡോക്സ് സഭാ നേതൃത്വം വ്യക്തമാക്കി.
Discussion about this post