ബംഗളൂരു : കർണാടകയിലെ ക്ഷേത്രങ്ങളിൽ നിന്നും നികുതി പിരിക്കുന്നതിനായി കോൺഗ്രസ് സർക്കാർ കൊണ്ടുവന്നതാണ് ക്ഷേത്ര നികുതി ബിൽ. എന്നാൽ തുടക്കത്തിൽ തന്നെ വിവാദങ്ങൾ സൃഷ്ടിച്ച ഈ ബിൽ കർണാടക നിയമസഭയിൽ പരാജയപ്പെട്ടു. കോൺഗ്രസ് സർക്കാരിന് സംസ്ഥാന കൗൺസിലിൽ അംഗബലം കുറവായതാണ് ഹിന്ദു റിലീജിയസ് എൻഡോവ്മെന്റ് ഭേദഗതി ബിൽ എന്ന ക്ഷേത്രനികുതി ബിൽ പരാജയപ്പെടാൻ കാരണമായത്.
ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10% നികുതിയും 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 5% നികുതിയും സർക്കാരിലേക്ക് ഈടാക്കുന്നതാണ് കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ക്ഷേത്രനികുതി ബിൽ. തുടക്കം മുതൽ പ്രതിപക്ഷമായ ബിജെപി ഈ ബില്ലിനെതിരെ കടുത്ത അതൃപ്തിയായിരുന്നു പ്രകടിപ്പിച്ചിരുന്നത്.
ക്ഷേത്രനികുതി ബിൽ കർണാടക നിയമസഭയിൽ പരാജയപ്പെടാൻ കാരണമായത് ഭരണപക്ഷത്ത് നിന്നുമുള്ള നിശബ്ദ പ്രതിഷേധം കൂടിയാണ്. ബില്ലുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ മുഴുവൻ ഹാജരായിരുന്നു എങ്കിലും ഭരണപക്ഷത്തു നിന്നും വെറും 5 പേർ മാത്രമാണ് ബില്ലിനെ പിന്തുണച്ചുകൊണ്ട് ഹാജരായത്. ഇതോടെ ബില്ലിനെ പിന്തുണച്ചവരെക്കാൾ കൂടുതൽ പേർ ബില്ലിനെതിരെ വോട്ട് ചെയ്തതിനാൽ ക്ഷേത്രനികുതി ബിൽ പരാജയപ്പെടുകയായിരുന്നു.
ജയ് ശ്രീറാം വിളികളോടെ ആയിരുന്നു ബിജെപി ക്ഷേത്രനികുതി ബില്ലിന്റെ പരാജയം ആഘോഷിച്ചത്. ബില്ലിന്റെ പരാജയം വലിയ അടിയായി മാറിയ കോൺഗ്രസ് പക്ഷേ തോറ്റു പിന്മാറാൻ തയ്യാറായില്ല. തിങ്കളാഴ്ച ബിൽ വീണ്ടും അവതരിപ്പിക്കുമെന്ന് കർണാടക മന്ത്രിയായ രാമലിംഗ റെഡ്ഡി അറിയിച്ചു. എന്നാൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ആയ പ്രാണേഷ് കോൺഗ്രസ് സർക്കാറിന്റെ ഈ തീരുമാനത്തെ മുളയിലേ നുള്ളി കളഞ്ഞു. ഒരു ബിൽ ചർച്ച ചെയ്തു കഴിഞ്ഞാൽ പിന്നീട് അത് നീട്ടിവെക്കാൻ ആവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ കർണാടകയിലെ കോൺഗ്രസ് സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ക്ഷേത്രനികുതി ബിൽ പരാജയപ്പെട്ടതായി ഭരണപക്ഷവും അംഗീകരിക്കുകയായിരുന്നു.
Discussion about this post