തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിഭാഗം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹൃദയശസ്ത്രക്രിയകൾ നിലച്ചിരിക്കുന്ന അവസ്ഥയാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ് വിതരണം ചെയ്യുന്ന ഏജൻസികൾക്ക് വലിയ തുക കുടിശ്ശിക ആയതോടെ കമ്പനി വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മാത്രം സ്റ്റെന്റ് വാങ്ങിയ വകയിൽ 40 കോടിയിലധികം രൂപയാണ് കുടിശ്ശികയായി കമ്പനിക്ക് നൽകാനുള്ളത്.
ഇനിയും പണം നൽകാതെ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യാൻ ആകില്ലെന്ന് കമ്പനികൾ വ്യക്തമാക്കിയതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശാസ്ത്രക്രിയകൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. സ്റ്റെന്റ് വിതരണം നിലച്ചതോടെ ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം ശസ്ത്രക്രിയകൾ മുടങ്ങിയിരിക്കുകയാണ്.
സ്റ്റെന്റ് വിതരണം നടത്തിയ വകയിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിന്ന് 143 കോടി രൂപയാണ് ഏജൻസിക്ക് ലഭിക്കാനുള്ളത്. ശസ്ത്രക്രിയ പ്രതിസന്ധിയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ താൽക്കാലികമായി മറ്റ് ഇടങ്ങളിൽ നിന്നും സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് മെഡിക്കൽ കോളേജിന്റെ നീക്കം.
Discussion about this post