നോം പെൻ : ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് കമ്പോഡിയയിൽ കുടുങ്ങിക്കിടന്നിരുന്ന 60 ഓളം ഇന്ത്യക്കാരെ രക്ഷിച്ചു. തൊഴിൽ തട്ടിപ്പിന് ഇരയായവരാണ് തിരികെ നാട്ടിലേക്ക് മടങ്ങാൻ ആകാതെ വിവിധ കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടന്നിരുന്നത്.
കംബോഡിയയിലെ ഇന്ത്യൻ എംബസി രക്ഷപ്പെടുത്തിയ 60 ഇന്ത്യൻ പൗരന്മാരും നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യൻ എംബസി അറിയിച്ചു.
മേയ് 20-ന് കംബോഡിയയിലെ ജിൻബെയ്-4 എന്ന സ്ഥലത്ത് നിന്നാണ് അധികൃതർ 60 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്. വിദേശത്തുള്ള ഇന്ത്യക്കാരെ സഹായിക്കാൻ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ എംബസി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു. ഇന്ത്യക്കാരുടെ മോചനത്തിന് സഹായം നൽകിയ കമ്പോഡിയൻ അധികൃതർക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
ജോലിക്കായി കംബോഡിയയിലേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർ ഏറെ ശ്രദ്ധ പുലർത്തണമെന്ന് നേരത്തെ തന്നെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അംഗീകൃത ഏജൻ്റുമാർ മുഖേന മാത്രം തൊഴിൽ ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. കമ്പോഡിയയിൽ തൊഴിൽ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.
Discussion about this post