പാലക്കാട്: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് ഒരു കനൽ തരി മാത്രം. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോഴും ഒരു മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ ആയത്. ഏറെ വിജയ പ്രതീക്ഷയുണ്ടായിരുന്ന ആറ്റിങ്ങൽ മണ്ഡലം അവസാന ലാപ്പിൽ എൽഡിഎഫിനെ കൈവിട്ടു.
ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. മന്ത്രി കെ.എൻ രാധാകൃഷ്ണൻ ആയിരുന്നു ഇവിടുത്തെ ഇടത് സ്ഥാനാർത്ഥി. യുഡിഎഫിന്റെ സീറ്റായിരുന്നു ഇത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ലീഡ് ചെയ്തുന്നു. എന്നാൽ ഇവിഎമ്മുകൾ എണ്ണി തുടങ്ങിയതോടെ രമ്യ പിന്നോട്ട് പോകുകയായിരുന്നു. രമ്യയ്ക്കെതിരെ 19,587 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ വിജയിച്ചത്. മണ്ഡലത്തിൽ ശക്തമായ മുന്നേറ്റം കാഴ്ച വയ്ക്കാൻ എൻഡിഎ സ്ഥാനാർത്ഥി ടിഎൻ സരസുവിനും കഴിഞ്ഞു. 186441 വോട്ടുകൾ ആണ് സരസു മണ്ഡലത്തിൽ സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ ആലപ്പുഴ മണ്ഡലം ആയിരുന്നു എൽഡിഎഫിനെ തുണച്ചത്. സിപിഎം നേതാവ് എഎം ആരിഫിന് ആയിരുന്നു വിജയം. എന്നാൽ ഇക്കുറി ഒരിക്കൽ പോലും ലീഡ് നില ഉയർത്താൻ ആരിഫിന് കഴിഞ്ഞില്ല. ആരിഫിനെതിരെ 63,513 വോട്ടുകൾക്ക് ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാലിന്റെ ജയം.
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫ്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ഈ ആത്മവിശ്വാസം എൽഡിഎഫ് സ്ഥാനാർത്ഥികൾ പ്രകടമാക്കുകയും ചെയ്തു. എന്നാൽ കനത്ത തിരിച്ചടി ആയിരുന്നു ഇക്കുറി ഉണ്ടായത്. ഇതോടെ ഇക്കുറിയും പാർലമെന്റിലേക്ക് ഒരു കനൽതരിയെ മാത്രമാണ് എൽഡിഎഫിന് അയക്കാനാകുക.
Discussion about this post