തിരുവനന്തപുരം: എസ്എഫ്ഐ തനിക്ക് നേരെ നടത്തിയ ആക്രമണം മനപൂര്‍വ്വമായിരുന്നുവെന്ന് മുന്‍ അംബാസിഡറും, വിദ്യാഭ്യാസ വിചക്ഷണനുമായ ടിപി ശ്രീനിവാസന് പറഞ്ഞു. എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് എസ്എഫ്ഐ മനസ്സിലാക്കണം. പണ്ട് കമ്പ്യൂട്ടറിനെ എതിര്‍ത്തത് പോലെയാണ് ഇത്. ഭാവിയില്‍ വിദേശ സര്‍വ്വകലാശാലകളെ കൊണ്ടു വരണമെന്ന ആവശ്യം ഇവര്‍ തന്നെ ഉന്നയിക്കും. അതിന് പത്ത് വര്‍ഷമെങ്കിലും കഴിയണം. ആക്രമണം നടത്തുമെന്ന് കരുതിയിരുന്നില്ല. വിദ്യാര്‍ത്ഥികളോട് പറഞ്ഞാല്‍ മനസ്സിലാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. താനും പോലിസും ചേര്‍ന്ന് ഒത്തുകളി നടത്തിയെന്ന കടകംപിള്ളി സുരേന്ദ്രന് പറയുന്നത് ബാലിശമാണെന്നും ശ്രീനിവാസന് പറഞ്ഞു.
വിദ്യാഭ്യാസ കച്ചവടം എന്ന സിപിഎം വാദത്തില്‍ കഴമ്പില്ല. നിലവിലുള്ള നിയമത്തില്‍ നിന്ന് കൊണ്ട് ഗുണപരമായി വിദേശ സര്‍വ്വകലാശാലകളുമായി സഹകരിക്കുക എന്നതാണ് ഉദ്ദേശം. ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയേ ഇക്കാര്യത്തില്‍ തിരുമാനമെടുക്കു എന്ന് എല്ലാവര്‍ക്കുമറിയാം, കേന്ദ്രസര്‍ക്കാരാണ് വിദേശ സര്‍വ്വകലാശാല ഇന്ത്യയില്‍ കടന്ന് വരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എന്നതിനാല്‍ ഇത്തരം സംഗമങ്ങളൊന്നും അത്ര പ്രാധാന്യമുള്ളതായി കരുതാനാവില്ല.
തനിക്ക് സുരക്ഷ ഒരുക്കാന്‍ പോലിസ് യാതൊന്നും ചെയ്തില്ല. ആക്രമണം അവര്‍ നോക്കി നില്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കാര്യമായ പരിക്കൊന്നുമില്ലെന്നും, ഡോക്ടറെ കണ്ട് പരിശോധന നടത്തിയെന്നും ശ്രീനിവാസന് പറഞ്ഞു.
കോവളത്ത് നടക്കുന്ന വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും, എസ്എഫ്ഐ നേതാവ് അദ്ദേഹത്തെ അടിച്ച് വീഴ്ത്തുകയും ചെയ്തിരുന്നു.
Discussion about this post