സിംഗപ്പൂർ സിറ്റി : സിംഗപ്പൂരിൽ പലസ്തീൻ അനുകൂല ജാഥ നടത്തിയതിന് അറസ്റ്റിലായിരുന്ന യുവതിക്ക് ജാമ്യം ലഭിച്ചു. മൂന്നു ലക്ഷത്തിലേറെ ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 5000 സിംഗപ്പൂർ ഡോളർ കെട്ടിവെച്ചാണ് ഇന്ത്യക്കാരിയായ യുവതിക്ക് ജാമ്യം ലഭിച്ചത്. ഇന്ത്യയിലേക്ക് മടങ്ങി മുത്തശ്ശനെയും മുത്തശ്ശിയേയും കാണണമെന്ന യുവതിയുടെ അപേക്ഷയിലും കോടതി അനുമതി നൽകി. എന്നാൽ 10,000 സിംഗപ്പൂർ ഡോളർ കെട്ടിവെച്ചാൽ മാത്രമായിരിക്കും യുവതിക്ക് ഇന്ത്യ സന്ദർശിക്കാൻ കഴിയുക.
പലസ്തീൻ അനുകൂല ജാഥ നടത്തിയതിന് 35 വയസ്സുകാരിയായ അണ്ണാമലൈ കോകില പാർവതി ആണ് സിംഗപ്പൂരിൽ അറസ്റ്റിൽ ആയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുൻകൂർ അനുമതിയില്ലാതെ ജാഥ നടത്തിയെന്ന കുറ്റത്തിന് കോകില പാർവതിയെ അറസ്റ്റ് ചെയ്തിരുന്നത്. നിരവധി ജാമ്യ വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് യുവതിക്ക് സിംഗപ്പൂർ കോടതി ജാമ്യം നൽകിയിരിക്കുന്നത്.
ഇസ്രായേലുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് സിംഗപ്പൂർ. ഇക്കാരണത്താൽ പലസ്തീൻ വിഷയത്തിൽ പ്രതിഷേധങ്ങളോ ചർച്ചകളോ സംഘടിപ്പിക്കുന്നത് സിംഗപ്പൂരിൽ കുറ്റകരമാണ്. കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയെയും കാണണമെന്ന യുവതിയുടെ അപേക്ഷയിൽ നിരവധി വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
Discussion about this post