ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുകയാണ് ജമ്മുകശ്മീർ. വൻ സുരക്ഷ സന്നാഹത്തിലാണ് കശ്മീരിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടക്കുന്നത്. ജമ്മു നഗരത്തിലെ എം എ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലെഫ്റ്റ് ഗവർണറുടെ ഉപദേഷ്ടാവ് രാജീവ് റായ് ഭട്നാഗർ ഐപിഎസ് ആണ് ദേശീയ പതാക ഉയർത്തിയത്.
കഴിഞ്ഞദിവസം ജമ്മുകശ്മീരിലെ റിയാസിയിലുള്ള ചെനാബ് റെയിൽ പാലത്തിൽ വിദ്യാർത്ഥികൾ നടത്തിയ തിരംഗ റാലി ഏറെ ശ്രദ്ധേയമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയിൽപാലമായ ചെനാബ് റെയിൽ പാലത്തിൽ 750 മീറ്റർ നീളമുള്ള ത്രിവർണ പതാകയും ഏന്തിയാണ് വിദ്യാർത്ഥികൾ തിരംഗ റാലി നടത്തിയത്. ഭാരത് മാതാ കി ജയ്, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ദേശീയ പതാകയ്ക്ക് കീഴിൽ അണിനിരന്ന വിദ്യാർത്ഥികൾ കശ്മീരിലെ പുതിയ തലമുറയുടെ പ്രതീകമായി രാജ്യത്തിന് തന്നെ അഭിമാനമായി മാറി.
പാകിസ്താന്റെ ഭാഗത്ത് നിന്നും വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ കണക്കിലെടുത്ത് വമ്പിച്ച സുരക്ഷാ സന്നാഹങ്ങളോടെ ആണ് ജമ്മു കശ്മീരിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടക്കുന്നത്. ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എന്നിവയ്ക്കൊപ്പം ഇന്റലിജൻസ് ബ്യൂറോയുടെ പ്രത്യേക നിരീക്ഷണവും ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ അതിർത്തികളും ചെക്ക് പോയിന്റുകളും അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും പ്രത്യേക ഡ്രോൺ നിരീക്ഷണവും നടക്കുന്നുണ്ട്.
Discussion about this post