ബംഗളൂരു : കർണാടകയിലെ ഉഡുപ്പിയിൽ പൊതുജലവിതരണ സംവിധാനത്തിൽ നിന്നുള്ള മലിനജലം കുടിച്ച് 500ലേറെ പേർക്ക് രോഗബാധ. ഉഡുപ്പി ജില്ലയിലെ ഉപ്പുണ്ടയിലെ പൊതു ടാങ്കിൽ നിന്ന് വിതരണം ചെയ്ത മലിനമായ വെള്ളമാണ് രോഗബാധക്ക് കാരണമായിരിക്കുന്നത്. 500-ലധികം ആളുകൾക്ക് അസുഖം ബാധിച്ചതായി ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ഐ.പി ഗദാദ് അറിയിച്ചു.
ഉപ്പുണ്ടയിലെ രണ്ട് ഗ്രാമങ്ങളിലേക്ക് വിതരണം ചെയ്ത വെള്ളത്തിൽ ജലത്തിലൂടെ പകരുന്ന രോഗകാരിയായ സാൽമൊണല്ല ബാസിലറി സ്ട്രെയിനുകൾ കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് കൂട്ടത്തോടെ രോഗബാധ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊതു പൈപ്പിലൂടെ മലിനജലമാണ് വിതരണം ചെയ്തത് എന്ന് കണ്ടെത്തിയത്.
സർക്കാരിന്റെ പൊതുജലവിതരണത്തെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് കൂട്ടത്തോടെ അസുഖബാധിതരായിരിക്കുന്നത്. 500 ലേറെ പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. രോഗബാധിതരായ ആരുടെയും നില ഗുരുതരമല്ല എന്നാണ് പ്രാദേശിക ഭരണകൂടം അറിയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം എന്നാണ് ഇവിടുത്തെ ജനങ്ങൾ ആവശ്യപ്പെടുന്നത്.
Discussion about this post