തിരുവനന്തപുരം: കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നതിന് ഒരു നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചുവെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. കഴിഞ്ഞ വർഷം നടന്ന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാനെത്തിയതിന് താന്‍ ദുബായിൽ നിന്നും എത്തിയത് പോലും സ്വന്തം ചിലവില്‍ ആണെന്ന് ആശ ശരത്ത് പറഞ്ഞു. ഇതിനായി പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.
കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. അന്ന് അവിടെ എത്തിയത് വളരെ സന്തോഷത്തോടെയാണ്. മന്ത്രി ഉദ്ദേശിച്ച നടി ആരാണെന്നോ എന്താണ് സംഭവിച്ചതെന്നോ തനിക്കറിയില്ല. എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ എന്ന് തന്നോട് ചോദിച്ചിരുന്നു. എന്നാല്‍, ഒന്നുമില്ലെന്നായിരുന്നു താൻ അന്ന് അവരോട് പറഞ്ഞത്. മാത്രമല്ല, പ്രതിഫലം വാങ്ങുകയെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശ ശരത്ത് വ്യക്തമാക്കി.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് ആയിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം. എന്നാല്‍, ആരാണ് ആ നേടിയെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.
‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്’- ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
Discussion about this post