കൊച്ചി : സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാദ്ധ്യക്ഷനും മുന്‍ അംബാസിഡറുമാ ടി.പി. ശ്രീനിവാസനെ അടിച്ചു വീഴ്ത്തിയ സംഭവം സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ശ്രീനിവാസനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ എസ്.എഫ്.ഐ നേതാവ് ജെ.എസ്. ശരത്തിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ അഭിപ്രായം. ജസ്റ്റിസ് സുനില്‍ തോമസാണ് ശരതിന്റെ ജാമ്യാപേക്ഷ തള്ളിയത്. വളരെക്കുറഞ്ഞ കാലയളവില്‍ വിവിധ കേസുകളില്‍ പ്രതിയായ ഹര്ജിക്കാരന് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2015 ജൂലൈ മുതല്‍ പ്രതി പല കേസുകളിലും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവത്തില്‍ പിടികൂടുന്നതുവരെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നില്ലെന്നും സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു.
മുന്‍ അംബാസിഡറെ കയ്യേറ്റം ചെയ്തത് ഏതെങ്കിലും ഒരു വ്യക്തിയെ മര്ദ്ദിയ്ക്കുന്നതു പോലെ ലാഘവത്തോടെ കാണാനാവില്ല. ഇത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഗൗരവമായെടുക്കണമെന്നും കോടി പറഞ്ഞു.
ജനുവരി 29നാണ് കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ കടന്നു പോയ ടി.പി. ശ്രീനിവാസനെ ശരത് അടിച്ചു വീഴ്ത്തിയത്.
Discussion about this post