ന്യൂഡൽഹി: ചൈനീസ് എഐ മോഡലായ ഡീപ്സീക്കിനും ചാറ്റ് ജിപിടിക്കും എതിരാളിയായി ഇന്ത്യയിൽ നിന്നും പുതിയൊരു എഐ പ്ലാറ്റ്ഫോം എത്തുന്നു. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നിർണായക ചുവടുവയ്പ്പിനെ കുറിച്ച് കേന്ദ്രഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. എഐ മേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ വലിയൊരു നാഴികക്കല്ലാകും ഇതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ത്യ സ്വന്തമായി ലാർജ് ലാംഗ്വേജ് മോഡൽ (എൽഎൽഎം) വികസിപ്പിച്ചുകൊണ്ട് നിർമ്മിതബുദ്ധി മേഖലയിൽ വലിയ മുന്നേറ്റത്തിനായി ഒരുങ്ങുകയാണെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പത്ത് മാസത്തിനകം ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും സമാനമായ ഇന്ത്യയുടെ എഐ എൽഎൽഎം അവതരിക്കും. നിർമ്മിതബുദ്ധി മേഖലയിലെ സ്വയംപര്യാപ്തത എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വലിയൊരു നാഴികക്കല്ലാകും ഇതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു. ഉത്കർഷ് ഒഡീഷ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ ഒന്നരവർഷമായി നമ്മുടെ ഇടയിലുള്ളവർ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, പ്രൊഫസർമാർ തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇപ്പോൾ, നമ്മുടെ സ്വന്തം അടിസ്ഥാന മാതൃക വികസിപ്പിക്കുന്നതിനായുള്ള നിർദേശങ്ങൾ അഭ്യർത്ഥിക്കുകയാണ്. ഇന്ത്യയുടെ സാഹചര്യവും ഭാഷയും സംസ്കാരവുമെല്ലാം പരിഗണിക്കുന്ന മോഡലാകും ഇത്. ഇത് പക്ഷപാതങ്ങളില്ലാത്തതാകും.’- അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യയുടെ എഐ സ്വപ്നങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളുടെ വലിയ പിന്തുണയുണ്ട്. പതിനായിരം ജിപിയുകൾ ഉറപ്പാക്കുകയെന്ന പ്രാരംഭലക്ഷ്യം നമ്മൾ മറികടന്നു കഴിഞ്ഞു. ഇന്ത്യക്ക് 18,600 ജിപിയുകളാണ് ഇപ്പോഴുള്ളത്. ഈ അത്യാധുനിക കമ്പ്യൂട്ടിംഗ് ശക്തി ഐഐ മോഡലിനെ പരിശീലിപ്പിക്കാൻ നിർണായക പങ്കുവഹിക്കും. എംഐ. 325 ജിപിയുകൾക്കൊപ്പം നമ്മുടെ ഭൂരിഭാഗം ജിപിയുകളും ഉയർന്ന പ്രവർത്തനക്ഷമതയുള്ള എൻവിഡിഎ എച്ച് 100, എച്ച് 200 എന്നിവയാണ്. ചറ്റ് ജിപിടിയും ഡീപ്പ്സീക്കുമായി തട്ടിച്ചു നോക്കുകയാണെങ്കിൽ, ഡീപ്സീക് 2,500 ജിപിയുകൾ ഉപയോഗിച്ചും ചാറ്റ് ജിപിടി 25,000 ഉപയോഗിച്ചും പരിശീലനം നടത്തിയപ്പോൾ ഇന്ത്യ അതേസമയം ഉപയോഗിച്ചത് 15,000-ത്തിലേറെ ഹൈ-എൻഡ് ജിപിയുകളാണ്. ഇത് എഐ മത്സരത്തിൽ ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Discussion about this post