ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ഡീപ് സീക്ക് സുരക്ഷാപരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്ന ആശങ്കയെത്തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്നും ഡീപ്സീക്കിനെ നിരോധിച്ചതായി ഓസ്ട്രേലിയ. എല്ലാ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സിസ്റ്റങ്ങളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ഡീപ്സീക്ക് ഉല്‍പ്പന്നങ്ങള്‍, ആപ്ലിക്കേഷനുകള്‍, വെബ് സേവനങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറി നല്കി. ‘ഓസ്ട്രേലിയയുടെ ദേശീയ സുരക്ഷയും ദേശീയ താല്‍പ്പര്യവും സംരക്ഷിക്കുന്നതിനാണ്’ അടിയന്തര നിരോധനം ഏര്‍പ്പെടുത്തിയതെന്നും ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് പറഞ്ഞു.
എന്നാല്‍ സ്വകാര്യ പൗരന്മാരുടെ ഉപകരണങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ല. കഴിഞ്ഞ മാസം ഡീപ്സീക്ക് പുറത്തിറക്കിയതിന് ശേഷം ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഇറ്റലിയിലും ഡീപ് സീക്ക് നിരോധനം നേരിട്ടിരുന്നു. അതേസമയം യൂറോപ്പിലെയും മറ്റിടങ്ങളിലെയും മറ്റ് രാജ്യങ്ങള്‍ ഡീപ് സീക്കിനെക്കുറിച്ച് പഠിക്കുകയാണ്.
അതേസമയം, ചാറ്റ് ജി.പി.ടി, ഡീപ് സീക്ക് തുടങ്ങിയ എ.ഐ ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ധനകാര്യ മന്ത്രാലയം. വളരെ സെന്‍സിറ്റീവായ ഡാറ്റകളാണ് എ.ഐ പ്ലാറ്റ്ഫോമുകള് കൈകാര്യം ചെയ്യുന്നതെന്ന് വ്യാപകമായി ആഗോള ആശങ്കയുളള സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരം ആപ്ലിക്കേഷനുകള്‍ ഔദ്യോഗിക കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉപയോക്താക്കള്‍ നല്കുന്ന ഇന്‍പുട്ടുകള്‍ ചാറ്റ് ജി.പി.ടി പോലുളള എ.ഐ മോഡലുകള്‍ ബാഹ്യ സെര്‍വറുകളിലാണ് സ്വീകരിക്കുന്നത്. ഇത് ഡാറ്റാ ചോര്‍ച്ചയ്ക്കും അനധികൃത ആക്സസിനും വഴിയൊരുക്കുമെന്നാണ് ആശങ്കകളുളളത്. സുരക്ഷിതമായ സാമ്പത്തിക ഡാറ്റ, നയങ്ങളുടെ ഡ്രാഫ്റ്റുകള്‍, വകുപ്പുകള്‍ തമ്മിലുളള ആന്തരിക ആശയവിനിമയങ്ങള്‍ തുടങ്ങിയ സുപ്രധാന രേഖകളാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത് ഇത് വലിയ അപകടസാധ്യതകള്‍ സൃഷ്ടിക്കാനിടയുണ്ട്.
എ.ഐ ആപ്ലിക്കേഷനുകള്‍ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയില്‍ ക്ലൗഡ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഡിവൈസുകളില്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാത്തതിനാല്‍ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു.
2023 ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്റ്റില്‍ ഡാറ്റാ സ്വകാര്യതാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുളള നിര്‍ദേശങ്ങളാണ് ഉളളത്. വ്യക്തമായ നിയന്ത്രണങ്ങളില്ലാതെ ഓഫീസ് കമ്പ്യൂട്ടറുകളില്‍ എ.ഐ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നത് ഡാറ്റയെ സംരക്ഷിക്കുന്ന നയങ്ങളുടെ ലംഘനത്തിലേക്കും നയിക്കും.
ഡീപ് സീക്ക് ഇതിനകം തന്നെ ടെക് വ്യവസായത്തില്‍ വലിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ദിവസേനയുള്ള ഡൗണ്‍ലോഡുകളില്‍ ചാറ്റ് ജിപിടിയെ മറികടന്ന് ചൈനീസ് ആപ്പ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഡീപ്സീക്കിന്റെ വിജയം എഐ ചിപ്പുകളുടെ വിപണിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം. ഡീപ് സീക്കിന്റെ വരവില്‍ മുന്‍നിര എഐ ചിപ്പ് നിര്‍മ്മാതാക്കളായ NVIDIA ഓഹരികളും വന്‍തോതില്‍ ഇടിഞ്ഞിരുന്നു.
കുറഞ്ഞ ചെലവില്‍ നൂതന ചിപ്പുകള്‍ ഉപയോഗിച്ച് അത്യാധുനിക എഐ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ചൈനീസ് പ്ലാറ്റ്ഫോമിന്റെ കഴിവാണ് ടെക്ക് ഭീമന്മാര്ക്ക് ഭീഷണി ഉയര്‍ത്തുന്നത്. എഐ മേഖലയില്‍, പ്രത്യേകിച്ച് സെമികണ്ടക്ടറുകളിലും ഇന്‍ഫ്രാസ്ട്രക്ചറുകളിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള യുഎസ് ടെക് കമ്പനികള്‍ക്ക് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post