ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ഹുറുൺ ലിസ്റ്റ്. ആക്സിസ് ബാങ്കിന്റെ ബാങ്കിംഗ് യൂണിറ്റായ ബർഗണ്ടി പ്രൈവറ്റും ഹുറുൺ ഇന്ത്യയും ചേർന്നാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളിലുള്ള ഇന്ത്യൻ കമ്പനികളുടെ മൂല്യം സൗദി അറേബ്യയുടെ ജിഡിപിയെക്കാൾ കൂടുതലാണ് എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. തുടർച്ചയായി നാലാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനി.
17,52,650 കോടി രൂപയാണ് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം. കഴിഞ്ഞ വർഷത്തേതിൽ നിന്നും റിലയൻസിന്റെ മൂല്യം 12% വർദ്ധിച്ചിട്ടുണ്ട് എന്നും പട്ടിക വ്യക്തമാക്കുന്നു. ഏറ്റവും മൂല്യവത്തായ ഇന്ത്യൻ കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ളത് ടാറ്റ കൺസൾട്ടൻസി സർവീസസ് ആണ്. 16,10,800 കോടി രൂപയാണ് ടാറ്റ കൺസൾട്ടൻസിയുടെ നിലവിലെ മൂല്യം. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് എച്ച്ഡിഎഫ്സി ബാങ്ക് ആണ്. 14,22,570 കോടി രൂപയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ നിലവിലെ മൂല്യം.
9,74,470 കോടി രൂപ മൂല്യമുള്ള ഭാരതി എയർടെൽ ആണ് നാലാം സ്ഥാനത്തുള്ളത്. അഞ്ചാം സ്ഥാനത്ത് ഐസിഐസിഐ ബാങ്ക് ആണ്. 9,30,720 കോടി മൂല്യമാണ് നിലവിൽ ഐസിഐസിഐ ബാങ്കിന് ഉള്ളത്. 7,99,409 കോടി രൂപയുടെ മൂല്യവുമായി ഇൻഫോസിസ് ആണ് ആറാം സ്ഥാനത്ത് ഉള്ളത്. 5,80,670 കോടി മൂല്യമുള്ള ഐടിസി ഏഴാം സ്ഥാനത്തും 5,42,770 കോടി രൂപ മൂല്യമുള്ള ലാർസൻ ആൻഡ് ട്യൂബ്രോ എട്ടാം സ്ഥാനത്തും സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനികളിൽ ഒമ്പതാം സ്ഥാനത്തുള്ള എച്ച്സിഎൽ ടെക്നോളജീസിന് 5,18,170 കോടി രൂപയുടെ ആകെ മൂല്യമാണ് ഉള്ളത്. 4,70,250 കോടി രൂപ മൂല്യവുമായി
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) ആണ് പത്താം സംസ്ഥാനത്ത് ഉള്ളത്.
ഈ കമ്പനികളെല്ലാം ആഭ്യന്തര ഓഹരി വിപണി ബെഞ്ച്മാർക്ക് സൂചികകളായ ബിഎസ്ഇ സെൻസെക്സിനെയും എൻഎസ്ഇ നിഫ്റ്റി 50 യെയും മറികടന്നു, ഇവ യഥാക്രമം 27% ഉം 30% ഉം വളർച്ച കൈവരിച്ചു, അതേസമയം കമ്പനികളുടെ ശരാശരി വളർച്ച 40% ആയിരുന്നു. ഇവ കൂടാതെ ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളുടെ പട്ടികയിൽ എൻഎസ്ഇ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സോഹോ, സീറോദ, മേഘ എഞ്ചിനീയറിംഗ്, പാർലെ പ്രോഡക്ട്സ്, ഇന്റാസ് ഫാർമ, ഡ്രീം11, റേസർപേ, അമാൽഗമേഷൻ എന്നിവയാണ് ഏറ്റവും മൂല്യവത്തായ കമ്പനികൾ.
Discussion about this post