ഗുവാഹത്തി:ബിജെപിയുടെ ഭരണത്തിൽ അസമിന്റെ സമ്പദ്വ്യവസ്ഥ ഇരട്ടിയായി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 6 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് മോദി പറഞ്ഞു. ഗുവഹാത്തിയിൽ നടന്ന അഡ്വാജേന്റ് അസം 2.0 നിക്ഷേപ അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
ഇരട്ട എൻജിൻ സർക്കാരിന്റെ സ്വാധീന ഫലമാണ് ഇത് സംഭവിച്ചത് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . 2018 ൽ സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ ഏകദേശം 2.75 ലക്ഷം കോടി രൂപയായിരുന്നു. അപ്പോഴാണ് അഡ്വാജേന്റ് അസാമിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. ഇത് ഇപ്പോൾ 6 ലക്ഷം കോടിയിലേക്ക് എത്തിയിരിക്കുന്നു. ബിജെപിയുടെ ഭരണത്തിന് കീഴിൽ ആറു വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥ ഇരട്ടിയായി മാറിയിരിക്കുകയാണ്. ഇരട്ട എഞ്ചിൻ സർക്കാരിന്റെ വിജയമാണ് ഇതെന്ന് മോദി കൂട്ടിചേർത്തു.
2009 നും 2014 നും ഇടയിൽ ശരാശരി 2,100 കോടി രൂപയിൽ നിന്ന് നിലവിലെ സർക്കാരിന്റെ കീഴിൽ പതിനായിരം കോടി രൂപയായി വളർന്ന അസമിലെ റെയിൽവേ ബജറ്റിലെ വർദ്ധനവും മോദി ചൂണ്ടിക്കാട്ടി . ഇന്ത്യയുടെ പുരോഗതിക്ക് അടിത്തറയായി അടിസ്ഥാന സൗകര്യങ്ങൾ വ്യവസായ നവീകരണം എന്നിവയിൽ സർക്കാർ ഗണ്യമായി നിക്ഷേപം നടത്തുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഒരു പ്രധാന കവാടമായി അസം വളർന്നുവരികയാണ് എന്നും മോദി പറഞ്ഞു.
കൂടാതെ അസമിലെ തേയില വ്യവസായത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. 200 വർഷം പൂർത്തിയാക്കിയ അസം തേയില മറ്റു മേഖലകളിലും മികവ് കൈവരിക്കാൻ സംസ്ഥാനത്തെ പ്രചോദിപ്പിക്കുന്നു.
ലോകം മുഴുവൻ രാജ്യത്തിന്റെ വളർച്ചയിൽ ശുഭാപ്തി വിശ്വാസം പുലർത്തുന്നുണ്ടെന്നും മോദി പറഞ്ഞു. 2025ലെ ആദ്യ 50 ദിവസങ്ങളിൽ ഇന്ത്യ അതിവേഗ വളർച്ച കൈവരിച്ചു എന്നും ലോക ബാങ്കിന്റെ പ്രവചനം അനുസരിച്ച് വർഷങ്ങളോളം അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post