കോഴിക്കോട്: മാതൃഭൂമി പത്രം നടത്തിയ പ്രവാചക നിന്ദയില്‍ മതേതര സംഘടനകള്‍ സ്വീകരിച്ച മൗനം അപകടകരമാണെന്ന് കേരളാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതികരണം. സമീപനത്തില്‍ മാറ്റം വരുത്താതെ ഖേദപ്രകടനം പൂര്‍ണമാവില്ലെന്നും കാന്തപുരം പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് കാന്തപുരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
മുസ്ലിംകള് മറ്റാരെക്കാളും സ്നേഹിക്കുന്നത് മുത്ത് നബി (സ) തങ്ങളെയാണ്. ആ നബിതങ്ങളെയാണ് മാതൃഭുമി ദിനപത്രം നിരുത്തരവാദപരമായി ചിത്രീകരിച്ചിരിക്കുന്നത് എന്നിടത്തു തന്നെയാണ് കാര്യങ്ങളുടെ മര്‍മ്മം. ഒരാള്‍ക്ക്, ഒരു പ്രസിദ്ധീകരണത്തിന് ഇതിനേക്കാള്‍ മുസ്ലിം വിരുദ്ധമാകാന്‍ കഴിയും എന്നു തോന്നുന്നില്ല. കാരണം ആരമ്പ നബി (സ) തങ്ങളാണ് ഈ മതത്തിന്റെ സര്‍വ്വസ്വവും. ആ സര്‍വ്വസ്വത്തെയാണ് മാതൃഭൂമി കടന്നാക്രമിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ തെറ്റു പറ്റിയെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും എന്നും മാതൃഭൂമി ദിനപത്രം നേരിട്ടും അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെയും അറിയിക്കുകയും ഖേദ പ്രകടനം നടത്തുകയും ഉണ്ടായി. നല്ല കാര്യം. പക്ഷെ, മുസ്ലിം കളോട്, മുസ്ലിം ചിഹ്നങ്ങളോട്, മുസ്ലിം സംസ്കാരങ്ങളോട്, മുസ്ലിംകളുടെ ന്യായമായ ആവശ്യങ്ങളോട്, മുസ്ലിംകളെ കുറിച്ചുള്ള സംവാദങ്ങളോട് മാതൃഭൂമി സ്വീകരിച്ചു പോരാറുള്ള സമീപനങ്ങളില്‍ കൂടി മാറ്റം വരുത്താതെ ഈ ഖേദ പ്രകടനം പൂര്‍ണ്ണമാകും എന്നു തോന്നുന്നില്ല. കേരളത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷത്തിനു മേല്‍ ഇത്രയേറെ പരിക്കേല്‍പ്പിച്ച ഒരു സംഭവത്തില്‍ ഇവിടുത്തെ മതേതര സംഘടനകള്‍ എന്നവകാശപ്പെടുന്നവര്‍ പ്രതികരിക്കുക പോലും ഉണ്ടായില്ല എന്നതു ഞങ്ങളുടെ ആശങ്കയുടെ കനം കൂട്ടുന്നുണ്ട്. പാരീസില്‍ നബി (സ)തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ സമുദായത്തോടൊപ്പം നില്ക്കാന് ശ്രമിച്ചവര്‍ പോലും കോഴിക്കോടും തൃശൂരും അതുണ്ടായപ്പോള്‍ കൂടെ നില്ക്കാന് ഉണ്ടായില്ല എന്നതിനെ ഖേദകരം എന്നല്ല വിശേഷിപ്പിക്കേണ്ടത്, അപകടകരം എന്നാണ്. ഈ രണ്ട് ദിവസങ്ങളിലായി നടന്ന സംഭവങ്ങളില്‍ പരസ്യമായി ഒരു നിലപാടെടുക്കാന്‍ പോലും കഴിയാത്ത വിധം എന്തു പേടിയാണ് ഇവിടുത്തെ മതേതര സംഘടനകളെ പിടികൂടിയിരിക്കുന്നത് എന്നറിയാന്‍ ഈ സമുദായത്തിനു താല്പര്യം ഉണ്ട്.
[fb_pe url=”https://www.facebook.com/SheikhAboobacker/posts/998601826890308″ bottom=”30″]
Discussion about this post