മലപ്പുറം:കാന്തപുരം എപി സുന്നി വിഭാഗം ബിജെപിക്ക് വോട്ട് മറിച്ചു നല്‍കിയെന്ന് മുസ്ലിം ലീഗ്. വ്യക്തിപരമായ വലിയ താത്പര്യങ്ങള്‍ക്കും സംഘടനാപരമായ ചെറിയനേട്ടങ്ങള്ക്കുംവേണ്ടി മഞ്ചേശ്വരത്തടക്കം ബി.ജെ.പിക്ക് വോട്ടുമറിച്ച് നല്കാന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്‍കിയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ് ആരോപിച്ചു.ചന്ദ്രികയിലെഴുതിയെ ലേഖനത്തിലാണ് കെപിഎ മജീദിന്റെ ആരോപണങ്ങള്‍.
ഇത് കേരളത്തിലെ മുസ്ലിംസമുദായത്തോടും മതേതരവിശ്വാസികളോടുംചെയ്ത കടുത്ത വഞ്ചനയാണ്. ഒരൊറ്റ സമുദായമായി നില്ക്കുന്ന ഇന്ത്യയിലെ മുസ്ലിംങ്ങളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്കുന്നതരത്തിലാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനമെന്നും ലീഗ് കുറ്റപ്പെടുത്തി. കാന്തപുരത്തിന്റെ നിര്‍ദേശമനുസരിച്ച് മഞ്ചേശ്വരത്ത് തമ്പടിച്ച് തങ്ങളുടെ സര്‍വ കേഡര്വോട്ടുകളും ബി.ജെ.പിക്ക് പോള്‍ ചെയ്യിപ്പിക്കുന്ന ദൃശ്യം കാന്തപുരത്തോട് ചെറിയ അനുഭാവമുള്ളവര്‍ നേരില്‍ക്കണ്ട് അദ്ഭുതപ്പെടുകയായിരുന്നു. സംഘപരിവാറിനുവേണ്ടി ഒരു മുസ്ലിം പണ്ഡിതന് ഇത്രയും തരംതാഴ്ന്ന കാഴ്ച ഇന്ത്യയില്‍ ആദ്യമായിരിക്കും.
അതേസമയം ഇടതുസ്ഥാനാര്‍ഥിയെ വിളിച്ച് തങ്ങളുടെ പിന്തുണ താങ്കള്‍ക്കാണെന്നും പറയാന്‍ ഇദ്ദേഹം ശ്രമിച്ചുകാണണമെന്നും മജീദ് പറഞ്ഞു. കേരളത്തിലെ മുസ്ലിം വിഭാഗത്തിനിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഊതിവീര്‍പ്പിച്ച് അതിന്റെ മറവില്‍ ഒരൂകൂട്ടം ആളുകളെ സംഘപരിവാര്‍ ആലയത്തിലേക്കു കൊണ്ടെത്തിക്കാനാണ് കാന്തപുരത്തിന്റെ നീക്കം. ഇത്തരം നികൃഷ്ട നീക്കങ്ങള്‍ക്കെതിരെ സമുദായം ജാഗ്രത പുലര്‍ത്തണം.
ഓരോ തിരഞ്ഞെടുപ്പിലും ആര്‍ക്കാണ് തങ്ങളുടെ വോട്ടെന്ന് കൃത്യമായി പറയാതെ വിജയിക്കപ്പെട്ടവന് തങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെന്ന് പിന്നീട് അവകാശപ്പെടുന്ന ഹീനതന്ത്രമായി ഇക്കാലമത്രയും ഇദ്ദേഹം അവലംബിച്ചത്. ഇത്തവണ മുസ്ലിംലീഗിനെ മുഴുവന്‍ സീറ്റിലും തോല്പ്പിക്കാനായി ഇറങ്ങിത്തിരിച്ച കാന്തപുരത്തിന് ലീഗിനെ തെല്ലുപോലും പ്രഹരിക്കാന്‍ കഴിഞ്ഞില്ല.മണ്ണാര്‍ക്കാട് ലീഗ് സ്ഥാനാര്‍ഥിക്ക് കിട്ടിയ ഭൂരിപക്ഷം കാന്തപുരത്തിന്റെ അഹങ്കാരത്തിനുള്ള ശിക്ഷയാണെന്നും മജീദ് പറഞ്ഞു.
Discussion about this post