ഡല്‍ഹി: നായ്ക്കളെ കൊന്നൊടുക്കുന്നതുകൊണ്ട് കേരളം നേരിടുന്ന പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് കേന്ദ്രമന്ത്രി മനേകാഗാന്ധി. നായ്ക്കളെ വന്ധ്യംകരിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ചതുകൊണ്ട് കാര്യമില്ല. തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് മരിച്ച വയോധിക ആക്രമിക്കപ്പെട്ടത് മാംസം കൈവശംവച്ചതുകൊണ്ടാണെന്ന് പറഞ്ഞിട്ടില്ലെന്നും മനേകാഗാന്ധി പറഞ്ഞു.
നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിരുന്നു. ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങള്‍ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പിലാക്കി. എന്നാല്‍ കേരളത്തിന് അനുവദിച്ച ഫണ്ട് എവിടെപ്പോയെന്ന് അറിയില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
നായ്ക്കളെ കൊന്നൊടുക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ ദേശീയ മൃഗക്ഷേമ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. നായ്ക്കളെ കൊല്ലാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തിന് ഇതുസംബന്ധിച്ച നോട്ടീസ് അയയ്ക്കുമെന്നും ബോര്‍ഡ് ചെയര്മാന് ഡോ ആര്.എം ഖര്‍ബ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രി മനേകാഗാന്ധിയും അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.
അക്രമകാരികളായ നായ്ക്കളെ മരുന്ന് കുത്തിവച്ച് കൊല്ലാനും തെരുവുനായ്ക്കള്‍ പെരുകുന്നത് തടയാന്‍ വന്ധ്യംകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് വയോധിക കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നായിരുന്നു ഇത്.
Discussion about this post