കോഴിക്കോട്: ഇസ്ലാമിക ശരി അത്തില് ഭേദഗതിയ്ക്ക് നിര്‍വ്വാഹമില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. .
മതം അനുവദിച്ചതില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുളള സംഗതിയാണ് വിവാഹമോചനം. മൂന്നു തലാഖും ഒന്നിച്ചുചൊല്ലുന്നത് ഏറ്റവും വെറുപ്പുള്ള കാര്യവുമാണ്. പിന്നെ എങ്ങനെയാണ് മുത്തലാഖിന്റെ പേരില്‍ സമുദായത്തെ ക്രൂശിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ഇസ്ലാമിക ശരിഅത്തിനനുസരിച്ച് ജീവിക്കാനുള്ള മുസ്ലിം ജനതയുടെ മൗലികാവകാശത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കുമാകില്ല. ഇസ്ലാമിക ശരിഅത്തില്‍ ഭേദഗതികള്‍ക്കു നിര്‍വാഹമില്ല. അത് അല്ലാഹുവിന്റെ നിയമമാണ്. പൊതു വ്യക്തിനിയമം കൊണ്ടുവരാനുള്ള നീക്കത്തെ നിയമത്തിന്റെ പരിധിയില്‍ നിന്നു നേരിടും. വേണ്ടിവന്നാല്‍ സുപ്രീം കോടതിയെ സമീപിക്കും. പൊതുവ്യക്തി നിയമം സംബന്ധിച്ച് മുസ്ലിം സമുദായത്തിന്റെ ആശങ്ക അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു വ്യക്തി നിയമത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മതപണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മതേതര സമൂഹത്തെ ഒന്നിച്ചുനിര്‍ത്തി നേരിടും. എറണാകുളത്ത് ഇന്നുചേരുന്ന ശരിഅത്ത് സമ്മേളനത്തിലേക്ക് ഇ.കെ. വിഭാഗം സുന്നി സംഘടനാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. അവര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും കാന്തപുരം വിശദമാക്കി. അതേസമയം ഏകീകൃത സിവില്‍കോഡ്, മുത്തലാഖ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മുസ്ലിം സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാത്തത് ക്ഷണക്കത്ത് ലഭിക്കാത്തതിനാലാണെന്നും കാന്തപുരം പറഞ്ഞു.
Discussion about this post