കോട്ടയം: സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളെല്ലാം കേന്ദ്ര ഫണ്ട് ഉപയോഗിച്ചിട്ടുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. യാഥാര്‍ത്ഥ്യബോധമില്ലാത്ത കിഫ്ബി ബജറ്റാണെന്നും കുറ്റപ്പെടുത്തി. ബജറ്റ് ചോര്‍ന്നത് വിശ്വാസ്യതയും പവിത്രതയും തകര്‍ത്തു. കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചത്. ഉത്തരവാദിത്വം ഏറ്റെടുത്ത് ധനകാര്യ മന്ത്രി രാജിവെയ്ക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ മെച്ചപ്പെടുത്താന്‍ ഈ ബജറ്റ് സഹായിക്കില്ലെന്നും കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബജറ്റിന് കൂടുതല്‍ വിശ്വാസ്യത ആവശ്യമാണ്. അതുകൊണ്ടു തന്നെയാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി തീരുമാനിച്ചുറപ്പിച്ച ദിവസം തന്നെ ബജറ്റ് അവതരണം നടത്തിയത്. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് നടന്നത് ഏറെ കുറ്റകരമായ അനാസ്ഥയാണ്. ബജറ്റ്അവതരണത്തിനു ശേഷം വിളിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ബജറ്റിന്റെ പകര്‍പ്പ് വിതരണം ചെയ്യുന്നതിനു പകരം അത് നേരത്തെ തന്നെ ചോര്‍ന്നു. ഇത് ബജറ്റിന്റെ വിശ്വാസ്യതയ്ക്കുണ്ടായ കോട്ടമാണ്. ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം ഏറ്റെടുത്ത് തോമസ് ഐസക് രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
നികുതി പിരിച്ചെടുക്കാന്‍ എന്ത് നടപടി സര്‍ക്കാര്‍ സ്വീകരിക്കും എന്നത് സംബന്ധിച്ച് ഒന്നും ബജറ്റില്‍ ഇല്ല. കിഫ്ബി മാത്രമാണോ ബജറ്റ്. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാറിനെ പരാമര്‍ശിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് പിന്‍വലിക്കലല്ല. വരുമാനത്തിന്റെ കുറവാണ് അതിനു കാരണമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
കുറച്ച് ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ല. നികുതി പിരിച്ചെടുക്കാന്‍ എന്ത് നടപടി സര്‍ക്കാര്‍ സ്വീകരിക്കും എന്നത് സംബന്ധിച്ച് ബജറ്റില്‍ യാതൊരു പരാമര്‍ശവും ഇല്ല. നോട്ട് പിന്‍വലിക്കലിനെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. പല ക്ഷേമപദ്ധതികളും നടപ്പിലാക്കുന്നത് കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. എന്നാല്‍ കേന്ദ്ര വിഹിതം എത്രയെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ബജറ്റിലെ വാഗ്ദാനങ്ങളെ എങ്ങനെ വിശ്വസിക്കാനുമെന്നും ധനകാര്യവകുപ്പിന്റെ പോലും പ്രസക്തി നഷ്ടപ്പെടുന്ന ബജറ്റാണിതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
Discussion about this post