ഇടുക്കി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടത്തിയ ജില്ലാ ഭരണകൂടത്തിനെതിരെ അസഭ്യവര്‍ഷവുമായി വൈദ്യുതമന്ത്രി എം എം മണി വീണ്ടും. കടുത്ത ഭാഷയിലാണ് മണി ജില്ലാ കളക്ടറെയും ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമനെയും അധിക്ഷേപിച്ചത്. സബ് കളക്ടറെ ചെറ്റയെന്ന് വിശേഷിപ്പിച്ച മണി, ഇടുക്കി ജില്ലാ കളക്ടര്‍ കഴിവുകേടിന്റെ പ്രതീകമാണെന്നും പറഞ്ഞു.
‘ഞങ്ങള്‍ അധ്വാനിച്ച്, തല്ലുകൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ പീഡനം വാങ്ങി, ജയിലില്‍ പോയി ഉണ്ടാക്കിയ ഗവണ്മെന്റാ ഇത്. ഇതിന്റെ മണ്ടേക്കേറിയിരുന്ന് ഇയാളെപ്പോലെ ഒരു ചെറ്റ ഞങ്ങള്‍ക്കിട്ട് പണിതാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങില്ല. അതിനോട് യോജിപ്പില്ല. ഇയാളെ താങ്ങേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഒരു ഉദ്യോഗസ്ഥനെയും താങ്ങേണ്ട കാര്യം ഞങ്ങള്‍ക്കില്ല.’ ‘ഏതൊരു ഉദ്യോഗസ്ഥനും അവരുടെ കടമ നിര്‍വഹിക്കുന്നതിന് തടസ്സം ഉണ്ടാക്കാനും പാടില്ലെന്നാണ് ഞങ്ങളുടെ ചിന്ത. ഇയാള്‍ മാന്യമായി പെരുമാറിയാല്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ല. ജില്ലാ കളക്ടറെപ്പറ്റി അത്രയും ആക്ഷേപമില്ല. അങ്ങേര് കഴിവുകേടിന്റെ പ്രതീകമാണ്. ഇങ്ങേരുടെ കൂടെ കൂടി. ഐഎഎസ് ആണല്ലോ. അത് നേരെ ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും” മണി പറഞ്ഞു.
സഭാ നേതൃത്വത്തിനെതിരെയും മണി രൂക്ഷവിമര്‍ശനമുന്നയിച്ചു. ”ഇപ്പോ ചില കത്തനാര്‍മാരും സഭാ നേതാക്കളും അവിടെ കുരിശ് കൊണ്ടുവെച്ചത് ശരിയായില്ലെന്നാണ് പറയുന്നത്. ഇവരൊക്കെ എവിടെ പോയിരിക്കുകയായിരുന്നു. പത്തമ്പത് അറുപത് കൊല്ലം ഇവിടെയുണ്ടായിരുന്നല്ലോ. ഇവരൊക്കെ ഇനി മാറാന്‍ പോകുന്നത് എപ്പോഴാണെന്നറിയാമോ. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പോ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പോ വരുമ്പോള്‍ കുരിശ് തകര്‍ത്തതിന്റെ ചിത്രവുമായി ഇവര്‍ നമ്മളെ നേരിടാന്‍ വരും”. മണി പറഞ്ഞു.
ടോം സഖറിയ കയ്യേറ്റക്കാരനല്ലെന്നും മണി പറഞ്ഞു. ”സ്കറിയാ ചേട്ടന്റെ മകന്റെ വകയാണെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇത്രയും വിഡ്ഢിത്തം വേറൊന്നും പറയാനില്ല. ശാന്തന്‍പാറ എസ് ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അവിടെ ആയിരക്കണക്കിന് ആളുകള്‍ പോകുന്നതാണ്. അവിടെ ഒരു നിലയിലും എന്തെല്ലാം ന്യായം ആരെല്ലാം പറഞ്ഞാലും ആ ചെയ്തത് ശുദ്ധ അസംബന്ധമാണ്.”ആ കുരിശ് പൊളിക്കുന്നത് കാണുമ്പോള്‍ സന്തോഷിക്കുന്ന മാനസ്സികാവസ്ഥ ദേവികുളം സബ്കളക്ടര്‍ക്കും അതുപോലുള്ള വര്‍ഗീയവാദികള്‍ക്കുമല്ലാതെ മനുഷ്യമനസ്സുള്ള ആര്‍ക്കുമുണ്ടാകില്ല. ശ്രീറാം വെങ്കട്ടരാമന്..അയാള്‍ക്ക് വേറെ എന്താ ഉത്തരവാദിത്തമുള്ളത്. സബ് കളക്ടറാ. അയാള്‍ ആസനത്തിലെ പൊടിയും തട്ടി അങ്ങുപോകും. ഇവിടെ ജനങ്ങള്‍ക്ക് ജീവിക്കേണ്ടതാ. അത് എല്ലാ രാഷ്ട്രീയക്കാരും മനസ്സിലാക്കുന്നത് നല്ലതാണെന്നും മണി പറഞ്ഞു.
ഈ ജില്ലയില്‍ എത്രയോ പേര് കുരിശുമല കയറുന്നുണ്ട്. ഇതെല്ലാം ഇയാളെപ്പോലൊരു വിഡ്ഢിയാന്‍ ഉദ്യോഗസ്ഥന് വന്ന് പൊളിക്കാന്‍ തുടങ്ങിയാല്‍ നാട്ടില്‍ എന്ത് നടക്കും. ഭൂമി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ കടക്കാനുള്ള അവസ്ഥ സബ് കളക്ടര്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും” മണി പറഞ്ഞു.
രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നും മണി ആവശ്യപ്പെട്ടു. അവരുടെ കാലത്തേ നടക്കാന്‍ പാടില്ലാത്തത് എന്തെങ്കിലും നടന്നിട്ടുള്ളൂ. എന്നിട്ടാണ് ഇപ്പോള്‍ തത്വശാസ്ത്രം പറയുന്നത്. പ്രതിപക്ഷ നേതാവിനോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ട് പറയുകയാണ്, അയാള്‍ വിഡ്ഡിയുടെ സ്വര്‍ഗ്ഗത്തിലാണ്. ഊളമ്പാറയ്ക്ക് അയയ്ക്കേണ്ടത് ചെന്നിത്തലയേയും അയാളുടെ നേതാക്കളെയുമാണെന്നും മണി ആഞ്ഞടിച്ചു.
Discussion about this post