കൊല്‍ക്കത്ത: മുസ്ലീം സമുദായത്തിന്റെ പ്രീതി സമ്പാദിക്കാന്‍ മുസ്ലീമായി അഭിനയിക്കുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജി താന്‍ ഹിന്ദുവാണെന്ന കാര്യം ഇപ്പോള്‍ തെളിയിക്കേണ്ടി വന്നിരിക്കുന്നെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. പുരി ക്ഷേത്രദര്‍ശനത്തിനെത്തിയ മമതയോട് അവിടുത്തെ പൂജാരി ഇവിടെ ഹിന്ദുക്കള്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂവെന്നും മുസ്ലീങ്ങള്‍ക്ക് പ്രവേശനം ഇല്ലെന്ന് പറയുകയായിരുന്നെന്നും താന്‍ ഒരു ഹിന്ദുവാണെന്ന കാര്യം അവിടെ വെച്ച് അവര്‍ക്ക് വെളിപ്പെടുത്തേണ്ടി വന്നെന്നും രാഹുല്‍ സിന്‍ഹ പറയുന്നു. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത ബി.ജെ.പി പരിപാടിയില്‍ സംസാരിക്കവേ സിന്‍ഹ പറഞ്ഞു.
‘ഞാന്‍ രാഹുല്‍ സിന്‍ഹ. ഞാന്‍ ഒരു ഹിന്ദുവാണ്. എനിക്ക് സ്വയം തിരിച്ചറിയേണ്ട ആവശ്യമില്ല. എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ക്ക് അങ്ങനെ വേണ്ടിവരുന്നത്? കാരണം ഹിജാബ് ധരിച്ചും നിസ്കാരകര്‍മം നിര്‍വഹിച്ചുമാണ് അവരെ എല്ലാവരും കാണാറ്. അവര്‍ ഹിന്ദുവാണെന്ന കാര്യം ജനങ്ങള്‍ മറന്നുപോയി. എന്റെ മുസ്ലീം സഹോദരങ്ങളോട് ഹദീസ് പ്രകാരം എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഒരു മുസ്ലീമിന് മാത്രമേ ഹിജാബ് ധരിക്കാനും നിസ്ക്കരിക്കാനുമുള്ള അവകാശമുള്ളൂ. അതുകൊണ്ട് തന്നെ മമ്ത ബാനര്‍ജി ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവാണ്. അത് നിങ്ങള്‍ തിരിച്ചറിയണം.-സിന്‍ഹ പറഞ്ഞു..
മുസ്ലീങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള മണ്ഡലങ്ങളില്‍ എത്തുമ്പോള്‍ മമത ഉടന്‍ തന്നെ ഹിജാബ് ധരിക്കുന്നു. എന്നാല്‍ അവിടെ നിന്നും പോയിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവര്‍ അത് മാറ്റുന്നു. ഇനി ഒരു കാര്യം കൂടി മാത്രമേ അവര്‍ ചെയ്യാനുള്ളൂ. അത് ഹജ്ജ് യാത്രയാണ്. അതാണ് അവര്‍ക്ക് പറ്റിയ ഇടം. സിന്‍ഹ പറയുന്നു.
ബി.ജെ.പി പശ്ചിമബംഗാളില്‍ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സിന്‍ഹ ആരോപിച്ചു. ഹിന്ദുക്കളുടെ ഒരു ആഘോഷവും ബംഗാളില്‍ നടത്താന്‍ അനുവദിക്കുന്നില്ല. രാമനവമിക്ക് റാലി നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചു. ഹനുമാന് ജയന്തി ആഘോഷങ്ങള്‍ക്കും അനുമതി നല്‍കിയില്ല. ബംഗാളിലാണോ പാക്കിസ്ഥാനിലാണോ കഴിയുന്നതെന്നാണ് ഇപ്പോള്‍ സംശയം. മുസ്ലീം വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ സൗജന്യമായി നല്കുമ്പോള് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് അത് നിഷേധിക്കപ്പെടുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരം നടക്കുകയാണെങ്കില്‍ പാക്കിസ്ഥാന്റെ പതാക പറത്തുന്ന ഒരിടം പോലും ഇന്ത്യയിലുണ്ടാകില്ല. പാക്കിസ്ഥാനികള്‍ക്ക് കഴിയാനുള്ള ഇടമല്ല ഇന്ത്യ. അവരെ ഇവിടെ നിന്നും ചവിട്ടിപ്പുറത്താക്കും. നിങ്ങള്‍ക്ക് പാക്കിസ്ഥാനെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ നവാസ് ഷെരീഫിന്റെ രാജ്യത്തേക്ക് നിങ്ങള്‍ക്ക് പോകാമെന്നും സിന്‍ഹ പറയുന്നു.
Discussion about this post