തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടന് ദിലീപ് നടത്തിയ പരാമര്‍ശം നിഗൂഢമാണെന്ന് വനിത കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. നടിയുടെ പേര് വ്യക്തമാക്കി പരാമര്‍ശം നടത്തിയതാരായാലും അവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നടിയും അക്രമിയും സുഹൃത്തുക്കളാണെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം. ഇത്തരം പരാമര്‍ശം നടിയെ ആക്രമിക്കുന്നതിന് തുല്യമാണ്. എന്ത് മനസിലാക്കിയിട്ടാണ് ദിലീപും സലീം കുമാറും ഇങ്ങനെ പ്രതികരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന നെറികെട്ട സമീപനമാണ് ഉന്നത സിനിമാ നടന്മാരുള്പ്പെടെ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
യാതൊരു സത്യസന്ധതയും സാമൂഹ്യ ധാരണയും ഇല്ലാതെ കേസിന്റെ നിര്‍ണായ ഘട്ടത്തില്‍ ഇത്തരത്തില്‍ നടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയുന്നതിന് പിന്നില്‍ നിഗൂഢതയുണ്ട്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ആ സ്ത്രീയെ വീണ്ടും വീണ്ടും ആക്രമിക്കുകയാണ് ചെയ്തതെന്നും ജോസഫൈന് പറഞ്ഞു. വിഷയത്തില്‍ വനിതാ കമ്മീഷന് നിയമോപദേശം തേടിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ജോസഫൈന് അറിയിച്ചു.
സിനിമയിലെ വനിതാ കൂട്ടായ്മ അമ്മയുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കരുതെന്നും ജോസഫൈന് ആവശ്യപ്പെട്ടു.
Discussion about this post