തിരുവനന്തപുരം: ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് സ്ഥാനക്കയറ്റത്തോടെയാണെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു. ഈ മാസം ആറിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിങ് എന്ന് മാത്രമാണ് ഉള്ളത്. ഇതോടെ കയ്യേറ്റക്കാര്‍ക്ക് വേണ്ടിയാണ് ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ മാറ്റിയതെന്ന പ്രതിപക്ഷ ആരോപണം ശക്തമായി.
സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റത്തോടെയുള്ള മാറ്റമെന്നായിരുന്നു സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും വാദം. ഈ മാസം ആറിന് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ വാദം പൊളിഞ്ഞത്. ഉത്തരവില്‍ ട്രാന്‍സ്ഫര്‍ ആന്റ് പോസ്റ്റിംഗ് എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശമ്പള വര്‍ധനവിനെക്കുറിച്ചും ഉത്തരവില്‍ പരാമര്‍ശമില്ല.
2017 ജനുവരിയില്‍ അസിസ്റ്റന്റ് കളക്ടറായിരുന്ന ശ്രീറാമിനെ സ്ഥാനക്കയറ്റം നല്കി സബ് കളക്ടറാക്കിയിരുന്നു. ഐഎഎസ് ചട്ടപ്രകാരം ഇനി അഞ്ചുവര്‍ഷത്തിന് ശേഷം 2022 ല്‍ മാത്രമേ ശ്രീറാമിന് സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ. എന്നാല്‍ സ്ഥാനക്കയറ്റമെന്ന പേരില്‍ ശ്രീറാമിനെ മാറ്റുക മാത്രമാണ് ചെയ്തത്.
എതിര്‍പ്പുകളെ വകവെയ്ക്കാതെ കയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടുപോയ ശ്രീറാമിനെ മാറ്റണമെന്ന് ഇടുക്കിയിലെ സിപിഐഎം കോണ്‍ഗ്രസ് നേതൃത്വം സര്‍വകക്ഷിയോഗത്തിലടക്കം ആവശ്യമുന്നയിച്ചിരുന്നു. മന്ത്രി എംഎം മണി, സിപിഐഎം എംഎല്‍എ എസ് രാജേന്ദ്രന്, കോണ്ഗ്്രസ് നേതാവ് എ കെ മണി എന്നിവര്‍ പരസ്യമായി തന്നെ ശ്രീറാമിനെതിരെ രംഗത്തെത്തിയിരുന്നു. ശ്രീറാമിനെ ശാരീരികമായി കൈകാര്യം ചെയ്യുമെന്ന് വരെ രാജേന്ദ്രന് അടക്കമുള്ളവര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
ഇവരുടെയെല്ലാം എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് ശ്രീറാമിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എംപ്ലോയ്മെന്റ് ഡയറക്ടറായാണ് ശ്രീറാമിനെ സര്‍ക്കാര്‍ നിയമിച്ചത്. പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്, ശ്രീറാമിനെ മാറ്റിയത് സ്വാഭാവിക നടപടിയല്ലെന്ന പരാമര്‍ശങ്ങള്‍ ശരിവെയ്ക്കുന്നതാണ് എന്ന വാദവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post