തിരുവനന്തപുരം: വേതനവര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കെ സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി നഴ്സുമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമരം ചെയ്യുന്ന നഴ്സുമാരുടെ അസോസിയേഷനെ അറിയിച്ചു. ചര്‍ച്ച നടക്കുന്നത് വരെ സമരം നിറുത്തി വയ്ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തുക, ശമ്പളമില്ലാത്ത ട്രെയിനി നഴ്സ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്സുമാര്‍ സമരം നടത്തി വരുന്നത്. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 21 ആശുപത്രികളിലാണ് പണിമുടക്ക് ആരംഭിച്ചത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെട്ടത്.
ജനറല്‍ നഴ്സിംഗ് വിഭാഗത്തില്‍ അടിസ്ഥാന വേതനം 17,200 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. നേരത്തെ ഇത് 8,775 ആയിരുന്നു. എന്നാലിത് അപര്യാപ്തമാണെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നിലപാട്. ഗ്രൂപ്പ് എട്ട് തസ്തികയിലെ(ഏറ്റവും താഴന്ന തസ്തിക) അടിസ്ഥാന വേതനം 7775 രൂപയില്‍ നിന്ന് 15,600 ആയും മിനിമം വേജസ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്നാണ് നഴ്സുമാരുടെ നിലപാട്.
അതേസമയം, നഴ്സുമാരുടെ സമരത്തില്‍ തൊഴില്‍ വകുപ്പ് അതൃപ്തി രേഖപ്പെടുത്തി. മിനിമം വേജസ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിട്ടും വീണ്ടും സമരത്തിലേക്ക് നഴ്സുമാര്‍ പോയതാണ് തൊഴില്‍ വകുപ്പിനെ ചൊടിപ്പിച്ചത്. നഴ്സുമാരുടെ സമരത്തില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post