തൊടുപുഴ: സ്ഥാനമൊഴിഞ്ഞ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാന് ഓഫീസിലെ അവസാന ദിവസം ഒപ്പിട്ടത് 2000ത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍. ആദിവാസികളുടെ ജനനസര്ട്ടിഫിക്കറ്റുകളാണ് ശ്രീറാം അടിയന്തരമായി പൂര്‍ത്തിയാക്കി നല്‍കിയത്. ഇതിനായി രാത്രി മുഴുവന്‍ അദ്ദേഹം ഓഫീസിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. പാതിരാ കഴിഞ്ഞിട്ടും പണിതീരാതെ വന്നതോടെ ബാക്കി വ്യാഴാഴ്ച രാവിലെ തീര്‍ത്തു. ദേവികുളം താലൂക്കിലെ ഇടമലക്കുടി, മറയൂര്‍ എന്നിവിടങ്ങളിലെ ആദിവാസി കുട്ടികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് വലിയ പ്രശ്നമായിരുന്നു. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ ഇതുകാരണമുണ്ടായി.
സ്ഥാനമൊഴിയാനിരിക്കെ സര്‍ട്ടിഫിക്കറ്റ് നല്കാന് ശ്രീറാം മുന്‍കൈയെടുക്കുകയായിരുന്നു. ഇതിനായി ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സഹായവും തേടി. ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയധികം സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടു നല്‍കിയത്.
2016 ജൂലൈ 22നാണ് ശ്രീറാം ദേവികുളം സബ്കലക്ടറായി ചാര്‍ജെടുത്തത്. 11 മാസത്തെ സര്‍വ്വീസിനിടെ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും കയ്യേറിയ മുന്നോറോളം ഏക്കര്‍ ഭൂമിയാണ് ശ്രീറാം പിടിച്ചെടുത്തത്. അനധികൃത ക്വാറികള്‍ക്കെതിരെയും ശ്രീറാം കര്‍ശന നടപടിയെടുത്തിരുന്നു. ചതുരംഗപ്പാറ വില്ലേജിലെ ഹൈറേഞ്ച് ഗ്രാനൈറ്റ്, ശാന്തമ്പാറ വില്ലേജിലെ മാര്‍ബേസില്‍, എന്നിവയില്‍ നിന്നെല്ലാം നാല് കോടിയോളം രൂപ പിഴയീടാക്കാന്‍ നടപടിയെടുത്തു.
പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയും ശ്രീറാം നടപടിയെടുത്തിരുന്നു. മറയൂരില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് ‘ഗുരുകുലം 17’ എന്ന പി.എസ്.സി പരിശീലന ക്യാമ്പ് ആരംഭിച്ചത് അദ്ദേഹം മുന്‍കൈയെടുത്താണ്. ഇത് ഇപ്പോഴും തുടരുന്നുണ്ട്.
Discussion about this post