ഡൽഹി: രാഷ്ട്രീയ അടവ് നയത്തിൽ മാറ്റം വരുത്താനൊരുങ്ങി സി.പി.എം. കോണ്‍ഗ്രസിനോടുള്ള സമീപനത്തിൽ മാറ്റംവരുമെന്ന സൂചന നൽകി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തിൽ മാറ്റമുണ്ടാകുമെന്നും രാഷ്ട്രീയ സാഹചര്യം നോക്കിയാണ് അടവുനയം തീരുമാനിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാഹചര്യത്തിൽ അടവ് നയം മാറ്റേണ്ടത് അത്യാവശ്യമാണെന്നും പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിശാഖപട്ടണത്ത് പാർട്ടി കോൺഗ്രസ് നടന്നപ്പോഴുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. അതിനാൽ തന്നെ മാറിയ സാഹചര്യം അനുസരിച്ച് അടവ് നയത്തിലും മാറ്റമുണ്ടാകണം. നിലവിലെ സാഹചര്യത്തിൽ പുതിയ നയത്തിന് രൂപം നൽകുമെന്നും യെച്ചൂരി പറഞ്ഞു. ഒക്ടോബറിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും.
അടുത്ത പാർട്ടി കോൺഗ്രസ് 2018 ഏപ്രിൽ 18 മുതൽ 22വരെ ഹൈദരാബാദിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post