കൊടുങ്ങല്ലൂര്‍: എറിയാട് പഞ്ചായത്തിലെ അഴീക്കോട്ട് നിന്നും മാരകായുധങ്ങളുമായി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ പ്രത്യേക പോലീസ് അന്വേഷണസംഘം പിടികൂടി. അഴീക്കോട് പുത്തന്‍പള്ളിക്ക് കിഴക്കുവശത്തുനിന്നാണ് കളറാട്ട് മാഞ്ഞോളില് സലീഷി (കണ്ണന്-32) നെ തിങ്കളാഴ്ച രാത്രി പത്തുമണിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്ന ഏരിയയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്.
ഇയാളുടെ കൈയില്‍നിന്ന് വലിയ ഒരു കൊടുവാള്, മൂന്ന് ഇരുമ്പ് പൈപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. പോലീസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുദിവസങ്ങളിലായി പ്രദേശത്ത് ബി.ജെ.പി.യുടെ മേഖലാ കമ്മിറ്റി ഓഫീസിന് നേരേയും യുവമോര്‍ച്ച അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഊര്‍ക്കോലില്‍ അനില്‍കുമാറിന്റെ വീടിനുനേരേയും അക്രമം നടന്നിരുന്നു. മറ്റൊരു പ്രവര്ത്തകന് മര്‍ദനവുമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് മാരകായുധങ്ങള്‍ പിടികൂടിയത്. സംഘര്‍ഷം വര്‍ധിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍, മതിലകം പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ പ്രത്യേക പോലീസ് അന്വേഷണസംഘം രൂപവത്കരിച്ച് പട്രോളിങ്ങും പരിശോധനകളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ സി.ഐ. പി.സി. ബിജുകുമാര്‍, എസ്.ഐ. കെ.ജെ. ജിനേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, ഉണ്ണി, സുമേഷ്, സന്ദീപ്, മനോജ്, ഗിരീഷ്, ജോസഫ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Discussion about this post