ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എം എല്‍ എമാര്‍ക്കും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും സ്വര്‍ണ ബിസ്കറ്റുകള്‍ സമ്മാനിക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. അതേസമയം ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മുതിര്‍ന്ന മന്ത്രിമാരും രംഗത്തെത്തി. സാമാജികര്‍ക്ക് സ്വര്‍ണം സമ്മാനിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.
എം എല്‍ എമാര്‍ക്കും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും സ്വര്‍ണബിസ്കറ്റുകള്‍ സമ്മാനിക്കാനുള്ള നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സമ്മതിച്ചാല്‍ സമ്മാനിക്കുമെന്നും നിയമസഭാ സ്പീക്കര്‍ കെ ബി കൊലിവാഡ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറാണ് കര്‍ണാടക ഭരിക്കുന്നത്. കര്‍ണാടകയുടെ സംസ്ഥാനചിഹ്നം പതിപ്പിച്ച, 13 ഗ്രാം വീതമുള്ള സ്വര്‍ണ ബിസ്കറ്റും വിധാന്‍ സൗധയുടെ ചെറിയമാതൃകയുമാണ് അംഗങ്ങള്‍ക്ക് സമ്മാനിക്കാന്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുള്ളത്.
ഒരു സ്വര്‍ണ ബിസ്കറ്റിന് 55000 ഓളം രൂപ ചെലവു വരും. ഒക്ടോബര്‍ 25,26 തീയതികളിലാണ് കര്‍ണാടക വിധാന്‍ സൗധയുടെ അറുപതാം വാര്‍ഷിക ആഘോഷം. 26.87 കോടിരൂപയുടെ ചെലവാണ് ആഘോഷങ്ങള്‍ക്കായി കണക്കാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്കാന് പദ്ധതിയുണ്ട്. ആറായിരം രൂപ വിലയുള്ള വെള്ളിപ്പാത്രങ്ങളാണ് ഇവര്‍ക്കു ലഭിക്കുക. സാംസ്കാരിക പരിപാടികളും ആഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post