ഹൈദ്രാബാദ്: പൂജാരിമാരെ വിവാഹംചെയ്യാന്‍ തയ്യാറാവുന്ന യുവതികള്‍ക്ക് മൂന്നുലക്ഷംരൂപ സമ്മാനം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍. ഇതിനുപുറമേ വിവാഹാഘോഷം ഗംഭീരമാക്കാന്‍ ഒരുലക്ഷം രൂപയും നല്‍കും. നവംബറോടെ ‘കല്യാണമസ്തു’ എന്ന പേരിട്ടിരിക്കുന്ന പദ്ധതി നിലവില്‍ വരും.
കുറഞ്ഞ വരുമാനക്കാരായ പൂജാരിമാരെ ജീവിതപങ്കാളികളാക്കാന്‍ യുവതികള്‍ മടികാണിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നതെന്ന് തെലങ്കാന ബ്രാഹ്മിന്‍ സംക്ഷേമ പരിഷദ് ചെയര്‍മാനും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഉപദേശകനുമായ കെ.വി. രാമനാചാരി പറഞ്ഞു.
വധൂവരന്മാരുടെ പേരില്‍ മൂന്നുവര്‍ഷത്തേക്ക് സ്ഥിരം നിക്ഷേപമായാണ് പണം അനുവദിക്കുക. മൂന്ന് വര്‍ഷത്തിനിടെ ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളുണ്ടായാല്‍ യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാവരുതെന്നാണ് ഉദ്ദേശിക്കുന്നതെന്നും രാമനാചാരി പറഞ്ഞു.
സംസ്ഥാനത്തെ 4805 അമ്പലങ്ങളിലെ പൂജാരിമാര്‍ക്ക് അടുത്തമാസം മുതല്‍ സര്‍ക്കാര്‍ സ്കെയിലില്‍ ശമ്പളം നല്‍കുമെന്ന് കഴിഞ്ഞമാസം മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചിരുന്നു.
Discussion about this post