തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണത്തിനെതിരെ സമരത്തിനെത്തിയ കെപിഎംഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അഞ്ചുവയസുകാരിയെ നിലത്തെറിയാനും ശ്രമിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് യൂണിവേഴ്സിറ്റി കോളേജിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് സംഭവം.
ധര്‍ണ കഴിഞ്ഞ് ബസ് കാത്ത് കോളേജിന് മുന്നില്‍ നിന്ന പത്തനംതിട്ട റാന്നി സ്വദേശികളെയാണ് കോളേജിനുള്ളില്‍ നിന്ന് വടികളുമായി എത്തിയ പന്ത്രണ്ടോളം എസ്എഫ്ഐക്കാര്‍ പ്രകോപനമില്ലാതെ ആക്രമിച്ചത്. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം നാട്ടുകാരും മറ്റുപ്രവര്‍ത്തകരും ഓടിക്കൂടിയതോടെ അക്രമികള്‍ കോളേജിനുള്ളില്‍ കയറുകയായിരുന്നു.
റാന്നി പുള്ളോലി പൂശനാട് സുനിലി (30) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പെരുമ്പട്ടി പതാല്പുരയില് സുധീഷ്(25), സൂരജ് (28), ഇവരുടെ അമ്മ രാജമ്മ (55), പെരുമ്പട്ടി പതാല്‍ പുരയിടത്തില്‍ ദാസ്(38) എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കന്റോണ്‍മെന്റ് പോലീസെത്തിയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ നിന്നും മൊഴിയെടുത്ത് കേസെടുത്തിട്ടുണ്ട്.
കോളേജിനു മുന്നിലൂടെ പോകുന്ന ഇതര പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നത് സ്ഥിരമായി ആവര്‍ത്തിച്ചിട്ടും പോലീസ് നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
Discussion about this post